മൂവാറ്റുപുഴയില്‍ സ്‌നേഹം നടിച്ച് പീഡിപ്പിച്ച ശേഷം യുവതിയെ മതം മാറ്റാന്‍ ശ്രമം; ട്രാവല്‍ ഏജന്‍സി ഉടമയ്‌ക്കെതിരെ കേസുടുത്തു
കൊച്ചി: മൂവാറ്റുപുഴയില്‍ ക്രിസ്ത്യന്‍ യുവതിയെ സ്‌നേഹം നടിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമം. കാഞ്ഞാര്‍ സ്വദേശിയായ ഇരുപത്തിനാലുകാരി നല്‍കിയ പരാതിയില്‍ ട്രാവല്‍ ഏജന്‍സി ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ഏപ്രിലില്‍ ടൂര്‍ ഏജന്‍സിയില്‍ ജോലിക്കെത്തിയ തന്നെ ഒന്നര വര്‍ഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂര്‍, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
തുടര്‍ന്ന് യുവതി ജോലി ഉപേക്ഷിച്ചു. ജോലിക്ക് വരാതായതോടെ സ്ഥാപന ഉടമ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. മൂവാറ്റുപുഴയിലെത്തി പരാതി നല്‍കാന്‍ ഭയന്ന യുവതി കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാഞ്ഞാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മൂവാറ്റുപുഴ പോലീസിന് കൈമാറി.
ഒന്നര വര്‍ഷത്തെ പ്രലോഭനങ്ങള്‍ക്കും പീഡനത്തിനുമിടയില്‍ സ്ഥാപന ഉടമ യുവതിക്ക് സാമ്പത്തിക സഹായം ഉറപ്പു നല്‍കുകയും സഹോദരിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ക്രിസ്തുമതക്കാരിയായ യുവതി മതം മാറണമെന്നായിരുന്നു ആവശ്യം. 2010ല്‍ മറ്റൊരു സ്ത്രീയുടെ പഴ്‌സ് പിടിച്ചു പറിച്ച് ഉപദ്രവിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് ടൂര്‍ ഏജന്‍സി ഉടമയായ പ്രതി.
കേസെടുത്തതിനെ തുടര്‍ന്ന് പ്രതി ബംഗളൂരുവിലേക്കു കടന്നെന്നാണ് പോലീസ് പറയുന്നത്. അതേസമയം പ്രതിയെ രക്ഷിക്കുന്നതിന് പോലീസിലെ ചിലര്‍ ഒത്താശ നല്‍കുന്നതായും മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിനുള്ള സൗകര്യവും നല്‍കിയതായും ആക്ഷേപമുണ്ട്.