KeralaNews

മോട്ടോർവാഹന വകുപ്പിൽ അടിമുടി അഴിമതിയെന്ന് ഗതാഗത കമ്മിഷണർ

തിരുവനന്തപുരം:മോട്ടോർവാഹന വകുപ്പിലെ അഴിമതി തുറന്ന് സമ്മതിച്ച് ഗതാഗത കമ്മിഷണർ.ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടികൾ നേരിടുന്നതിനാൽ ചെക്പോസ്റ്റുകളിൽ നിയമിക്കാൻ കഴിയില്ലെന്ന് ഗതാഗതകമ്മിഷണർ സര്‍ക്കാരിന് കത്ത് നല്‍കി.ഈ സാഹചര്യത്തില്‍ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചെക്പോസ്റ്റുകളില്‍ നിയമിക്കാൻ സര്‍ക്കാര്‍ അനുവാദം നല്‍കി.

ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ കൈക്കൂലിയും അഴിമതിയും പുതിയ കഥയല്ല.കഴിഞ്ഞ വര്‍ഷം ചെക്പോസ്റ്റുപോസ്റ്റുകളില്‍ അഴിമതി നടത്തിയതിന് 27 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായി.ഈ സാഹചര്യത്തിലാണ് ചെക്പോസ്റ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും അഴിമതി മുക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.ചെക്പോസ്റ്റുകളില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന നിര്‍ദേശം സര്‍ക്കാര്‍ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കി.ഉത്തരവ് പ്രകാരം മികവുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താൻ കണക്കെടുപ്പ് നടത്തി.അപ്പോഴാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടി നേരിടുന്നവരോ ചെക്പോസ്റ്റില്‍ നിയമിക്കരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളവരോ ആണെന്ന് ഗതാഗത കമ്മീഷണര്‍ കണ്ടെത്തിയത്.

വകുപ്പിലെ അഴിമതി തുറന്ന് സമ്മതിക്കുന്ന റിപ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാരിന് നല്‍കി.അങ്ങനെയെങ്കില്‍ അത്തരക്കാരെ ഇനി ചെക്പോസ്റ്റില്‍ വയ്ക്കേണ്ടെന്നും ഉദ്യോഗസ്ഥരുടെ ക്ഷാമം ഉണ്ടെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിലെ തന്നെ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ചെക്പോസ്റ്റില്‍ നിയമിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.അഴിമതി മുക്ത ചെക്പോസ്റ്റുകളെന്ന പ്രഖ്യാപനത്തില്‍ നിന്ന് പിന്നോട്ട് പോകാൻ സര്‍ക്കാര്‍ തയ്യാറല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button