ന്യൂഡൽഹി:ഗംഗ, യമുന നദികളിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിൽ കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധർ. നദികളിൽ മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നത് രോഗ്യവ്യാപനത്തെ കാര്യമായി ബാധിക്കില്ലെന്ന് ഐഐടി-കാൺപൂരിലെ പ്രൊഫസർ സതീഷ് താരെ അഭിപ്രായപ്പെട്ടു.
എന്നാൽ, രാജ്യം കോവിഡ് പ്രതിസന്ധിയിലായ ഈ സമയത്ത്, ഗംഗയിലോ അതിന്റെ പോഷകനദികളിലോ മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നത് ഗൗരവമായ കാര്യമാണെന്ന് സതീഷ് താരെ പറഞ്ഞു. ഗംഗയും യമുനയും പല ഗ്രാമങ്ങളുടെയും നദീതീര തദ്ദേശ സ്ഥാപനങ്ങളുടെയും പ്രധാന കുടിവെള്ള സ്രോതസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗംഗയിലോ അതിന്റെ പോഷകനദികളിലോ മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നത് പുതിയ കാര്യമല്ലെന്നും എന്നാൽ കഴിഞ്ഞ 10-15 വർഷത്തിനുള്ളിൽ ഇത് ഗണ്യമായി കുറഞ്ഞിരുന്നുവെന്നും താരെ പറഞ്ഞു. മൃതദേഹങ്ങൾ വലിച്ചെറിയുന്നത് മലിനീകരണത്തിലേക്ക് നയിക്കുമെങ്കിലും വൈറസിന്റെ പ്രഭാവം കാര്യമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജലവിതരണ സംവിധാനത്തിലൂടെ കടന്നുപോകുന്ന വെള്ളം സാധാരണ നിലയിൽ ശുദ്ധീകരിക്കുമെന്നും അതേസമയം, ആളുകൾ നദിയിൽ നിന്ന് നേരിട്ട് വെള്ളം എടുക്കുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ സമയത്ത് ആളുകൾ ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ബീറാറിൽ നിന്നും ഉത്തർപ്രദേശിൽസ നിന്നും നദികളിൽ നിന്ന് മൃതശരീരങ്ങൾകണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിലെ ബല്ലിയ, ഗാസിപുർ ജില്ലകളിൽ നിന്നായി 45 മൃതശരീരങ്ങൾ ഗംഗാ നദിയിൽ കണ്ടെത്തി. ബിഹാറിലെ ബക്സറിൽ ഗംഗയിൽ നിന്ന് 71 മൃതദേഹങ്ങൾ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു. കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് ഇത്തരത്തിൽ നദിയിലൂടെ ഒഴുക്കിവിടുന്നതെന്നാണ് സംശയം.