കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വ്യാപാരികള്‍ വ്യാഴാഴ്ച നടത്താനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചു. ജില്ല കളക്ടറുമായി വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി.നസിറുദീന്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിയന്ത്രണത്തിന്റെ പേരില്‍ കടകള്‍ അടപ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച കടയപ്പ് സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തത്. കണ്ടെയ്ന്‍മെന്റ് സോണുകളിലും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.
വാര്‍ഡ് ആര്‍.ആര്‍.ടികളില്‍ വ്യാപാരി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ആവശ്യപ്പെടുന്നുണ്ട്. കോഴിക്കോട് വലിയങ്ങാടിയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയിരുന്ന വാര്‍ഡില്‍ ചില വ്യാപാരികള്‍ കട തുറന്നതിനെ തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ അശാസ്ത്രീയമായി നിശ്ചയിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് മൂലം വ്യാപാരികളുടെ ജീവിതം പ്രതിസന്ധിയിലായെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി പരാതിപ്പെടുന്നത്. വ്യാപാരികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പിലാണ് സമരം പിന്‍വലിക്കുന്നതെന്ന് ഏകോപന സമിതി നേതാക്കള്‍ അറിയിച്ചു.