കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം മുടങ്ങി. പുതുക്കിയ ബില്ലിങ് രീതിയിൽ തകരാർ വന്നതോടെയാണ് സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നത്തേക്ക് റേഷൻ വിതരണം വ്യാപാരികൾ നിർത്തിവെച്ചത്. പുതിയ ബില്ലിങ് രീതിയിൽ വ്യാപാരം നടത്താനാവുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
സൗജന്യമായി റേഷൻ നൽകുന്നവർക്ക് പ്രത്യേകം ബിൽ നൽകണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. അതിനനുസരിച്ച് സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്തതോടെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ ഇപോസ് മെഷീൻ പ്രശ്നം തുടങ്ങിയത്. അപ്ഡേഷൻ നടക്കുന്നതു കാരണം വ്യാഴാഴ്ച സാധനം വാങ്ങാൻ വന്നവർ മടങ്ങിപ്പോയിരുന്നു.
വെള്ളിയാഴ്ച രാവിലെ മുതൽ എത്തിയവർ മെഷീനിൽ വിരലിൽ വെക്കുമ്പോൾ അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നു എന്ന് മാത്രമാണ് മെഷീനിൽ നിന്നുള്ള പ്രതികരണം. ഇതോടെയാണ് പലയിടത്തും റേഷൻ വിതരണം നിർത്തിവെച്ചത്.