KeralaNews

ടി.പിയുടെ ഫോണ്‍ നമ്പര്‍ വീണ്ടും ശബ്ദിക്കുന്നു; എം.എല്‍.എയുടെ ഔദ്യോഗിക നമ്പറാക്കി കെ.കെ രമ

വടകര: ടി.പി ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന 9447933040 ഫോണ്‍ നമ്പര്‍ കെ.കെ രമ എം.എല്‍.എ ഔദ്യോഗിക ഫോണ്‍ നമ്പറായി ഉപയോഗിക്കും. ഫേസ്ബുക്ക് ലൈവിലൂടെയാണ് രമ ഇക്കാര്യം പങ്കുവെച്ചത്. ഇതോടെ 9 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ടിപിയുടെ ഫോണ്‍ നമ്പര്‍ റിങ് ചെയ്തു തുടങ്ങി. 0496 2512020 എന്ന ഓഫിസ് നമ്പറിന് പുറമെയാണ് ടിപിയുടെ ഈ നമ്പരും കൂടി ഓഫിസ് ഉപയോഗത്തിന് സജ്ജമാക്കിയത്.

2012 മേയ് നാലിന് ടിപി കൊല്ലപ്പെട്ടതിന് ശേഷം പിന്നീട് കുറേക്കാലം ഈ നമ്പര്‍ രമയുടെ കൈവശമുണ്ടായിരുന്നു. ഉപയോഗിച്ചില്ലെങ്കിലും റീച്ചാര്‍ജ് ചെയ്ത് നിലനിര്‍ത്തി. എന്നാല്‍ ഇടയ്ക്ക് റീച്ചാര്‍ജ് ചെയ്യാതെ വന്നതോടെ നമ്പര്‍ മറ്റൊരാള്‍ക്ക് ബിഎസ്എന്‍എല്‍ അനുവദിച്ചു. 2020ല്‍ ഈ നമ്പര്‍ ആരും ഉപയോഗിക്കുന്നില്ലെന്ന് മനസ്സിലായതോടെ ഈ നമ്പറിനായി അപേക്ഷിച്ച് രമ ബിഎസ്എന്‍എല്ലിനെ സമീപിച്ചു.

ഈ നമ്പര്‍ എം.എല്‍.എ.യുടെ ഔദ്യോഗിക ഫോണാക്കാമെന്ന ആശയം പങ്കുവെച്ചത് മകന്‍ അഭിനന്ദാണെന്ന് രമ പറഞ്ഞു. ഈ നമ്പറില്‍ ആരുവിളിച്ചാലും ഏതു പാതിരാത്രിയിലും ടിപിയെ കിട്ടുമായിരുന്നു. ഇതേ നമ്പര്‍തന്നെ എംഎല്‍എയുടെ ഔദ്യോഗിക നമ്പറാകുന്നതില്‍ അഭിമാനമുണ്ട്.

ഈ നമ്പറില്‍ വിളിച്ചാല്‍ ടിപി വിളി കേള്‍ക്കുമെന്ന് വിശ്വാസമുണ്ടെന്നും കെകെ രമ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ ടിപിയുടെ ഈ നമ്പര്‍ പങ്കുവെച്ചതോടെ രമയ്ക്ക് കോളുകളുടെ പ്രവാഹമാണ്. ടിപിയെ അറിയുന്നവരും സുഹൃത്തുക്കളും പാര്‍ട്ടിപ്രവര്‍ത്തകരുമെല്ലാം ടിപിയുടെ പഴയ നമ്പറിലേക്ക് വിളിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button