EntertainmentKeralaNews

ജോലി രാജിവെച്ച് സിനിമയിൽ അഭിനയിക്കാൻ ടൊവിനോ വീട്ടിൽ പയറ്റിയ തന്ത്രം; അച്ഛൻ പറയുന്നു

മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി മലയാളത്തിലെ മുന്‍നിര താരമായി മാറിയ ടൊവിനോയുടെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. യാതൊരു സിനിമാ പാരമ്പര്യമോ ഗോഡ് ഫാദറോ ഒന്നുമില്ലാതെയാണ് ടൊവിനോ സിനിമയിൽ എത്തിയത്. അതുകൊണ്ട് തന്നെ ഒരുപാട് ബുദ്ധിമുട്ടിയാണ് ടൊവിനോ ഒരു നിലയുറപ്പിച്ചത്.

സിനിമയോടുള്ള ആഗ്രഹം കൂടിയപ്പോൾ വലിയൊരു ഐടി കമ്പനിയിലെ ജോലി രാജിവച്ചാണ് താൻ സിനിമയിൽ അഭിനയിക്കാൻ പുറപ്പെട്ടതെന്ന് ടൊവിനോ പലപ്പോഴും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആദ്യ കാലങ്ങളിൽ താൻ സഹിച്ച ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ടൊവിനോ പങ്കുവച്ചിട്ടുണ്ട്.

Tovino Thomas

സിനിമ മോഹം വീട്ടിൽ പറഞ്ഞപ്പോഴും അത് സമ്മതിപ്പിച്ചെടുക്കാൻ ടൊവിനോയ്ക്ക് ഒരുപാട് തടസങ്ങൾ നേരിട്ടിരുന്നു. നല്ലൊരു ജോലി വിട്ട് സിനിമയ്ക്ക് പിന്നാലെ പോകാൻ അച്ഛനും അമ്മയും താൽപര്യം കാണിക്കാതെ ഇരുന്നത് ആയിരുന്നു പ്രശ്‌നം. ഒടുവിൽ അവരുടെ സമ്മതത്തിനായി ടൊവിനോ പയറ്റിയ തന്ത്രം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അച്ഛൻ തോമസ്.

മലയാള സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കിയ ടൊവിനോയെയും ആരാധകരെയും ഉൾപ്പെടുത്തി ബിഹൈൻഡ് വുഡ്‌സ് നടത്തിയ പരിപാടിയിലാണ് അച്ഛൻ മകനെ കുറിച്ച് സംസാരിച്ചത്. ടൊവിനോയുടെ അച്ഛന്റെ വാക്കുകൾ ഇങ്ങനെ.

‘സിനിമ എന്ന് പറഞ്ഞപ്പോൾ ഉത്കണ്ഠ ഉണ്ടായിരുന്നു. ഒരു നിലയില്ലാ കയമാണല്ലോ. മക്കളെല്ലാം സെറ്റിലായി നമ്മൾ സന്തോഷമായിട്ട് ഇരിക്കുന്ന സമയമായിരുന്നു. ടിങ്സ്റ്റണും ടൊവിനോയ്ക്കും അത്യാവശ്യം നല്ല കമ്പനിയില്‍ ജോലി കിട്ടി. ഞാനും ഭാര്യയും സന്തോഷത്തിലിരിക്കുന്ന സമയത്താണ് ടൊവിനോയ്ക്ക് സിനിമയിലേയ്ക്ക് പോകണമെന്ന് പറയുന്നത്. പക്ഷേ ഞാൻ അത് എതിർത്തു.’

‘ടൊവിനോ പണ്ടുമുതലേ ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ അത് നടത്തി കിട്ടും വരെ ബാക്കിയുള്ളവർക്ക് സമാധാനം തരാറില്ല. അവൻ എപ്പോഴും സിനിമയിൽ പോണമെന്ന് പറഞ്ഞോണ്ട് ഇരിക്കുമായിരുന്നു. സമ്മതിക്കാതെ ആയപ്പോൾ പെട്ടെന്ന് ഒരു ദിവസം വീട്ടിൽ അമ്മയെ വിളിച്ചിട്ട് പറഞ്ഞു, തന്റെ ഒരു കൂട്ടുകാരന്‍ ജോലി രാജി വയ്ക്കണമെന്ന് പറഞ്ഞിട്ട് വീട്ടുകാർ സമ്മതിച്ചില്ല, അതുകൊണ്ട് അവന്‍ കെട്ടിടത്തിന്റെ മോളില്‍ നിന്ന് ചാടി ചത്തുവെന്ന്. അത് കേട്ടപ്പോള്‍ അവന്റെ ഉള്ളിലുള്ള ആവേശം എനിക്ക് മനസിലായി,’

‘വീട്ടിലേക്ക് വരാൻ പറഞ്ഞു. വന്നു, ഞങ്ങൾ സംസാരിച്ചു. അവന് ഇനി ഇൻഡിപെൻഡന്റ് ആയി ജീവിക്കണം എന്നൊക്കെ പറഞ്ഞു. നിനക്കു ഇത് എന്നോട് പറയാനുള്ള ധൈര്യമുണ്ടായല്ലോ. നല്ല കാര്യം എന്ന് ഞാൻ പറഞ്ഞു. പക്ഷേ സിനിമയിലേക്ക് പോയാൽ ഒരു വര്‍ഷത്തിനുള്ളില്‍ നീ സിനിമയില്‍ എന്തെങ്കിലും ആവണം, അല്ലെങ്കില്‍ വീണ്ടും ജോലിക്കു കയറണം എന്ന് പറഞ്ഞു. അതവന്‍ സമ്മതിച്ചു. അങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. ഇന്ന് മലയാള സിനിമയില്‍ അറിയാവുന്ന ഒരു നടനായി ടൊവിനോ മാറി എന്നതിൽ സന്തോഷമുണ്ട്’ അച്ഛൻ പറഞ്ഞു.

തല്ലുമാലയാണ് ടൊവിനോയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ ടൊവിനോയുടെ പ്രകടനവും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയാണ്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button