കാലടി ക്ഷേത്രത്തിന്റെ മുന്നിൽ പള്ളിയുടെ സെറ്റ് നിർമിച്ചെന്നാരോപണം ടാെവിനോ ചിത്രം മിന്നൽ മുരളിയുടെ സെറ്റ് അടിച്ചു തകർത്തു
കൊച്ചി:ഗോദക്ക് ശേഷം ബേസിൽ ജോസഫ് – ടോവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളിയുടെ ഷൂട്ടിംഗ് സെറ്റ് അടിച്ചു തകർത്തു.ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി കാലടിയിൽ 80 ലക്ഷം മുതൽ മുടക്കിൽ വലിയ പടുകൂറ്റൻ പള്ളിയുടെ സെറ്റ് അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. ഇതാണ്
രാഷ്ട്രീയ ബജ്രംഗ് ദൾ എന്ന സംഘടനയുടെ പ്രവർത്തകർ അടിച്ചു തകർത്തത്.
കാലടി മഹാദേവ ക്ഷേത്രത്തിന്റെ മുന്നിൽ പള്ളിയുടെ സെറ്റ് പണിതു എന്നാരോപിച്ചാണ് സെറ്റ് മുഴുവനായും അടിച്ച് തകർത്തത്.
ലക്ഷക്കണക്കിന് രൂപ മുതൽ മുടക്കി മാസങ്ങൾക്ക് മുമ്പ് സെറ്റ് നിർമ്മാണം പൂർത്തിയാക്കിയത്.എന്നാൽ കൊറോണയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ മൂലം ചിത്രത്തിൻറെ ഷൂട്ടിംഗ് ഇവിടെ ആരംഭിക്കുവാൻ കഴിഞ്ഞില്ല.മഴക്കാലം എത്തുന്നതിനാൽ സെറ്റ് ഇവിടെ നിന്നും പൂർണ്ണമായും അഴിച്ചു മാറ്റാൻ ഇരിക്കുകയായിരുന്നു അണിയറ പ്രവർത്തകർ.
ഇതിനിടയിലാണ് ആക്രമണം.
കൊറോണ ഭീതി മാറി ഷൂട്ടിംഗ് പുനരാരംഭിക്കുബോൾ വീണ്ടും ഇത്രയും തുക മുടക്കി സെറ്റ് പുനർനിർമ്മികെക്കേണ്ട അവസ്ഥയാണ് ഇപ്പോൾ അണിയറപ്രവർത്തകർക്ക് ഉള്ളത്.
ടോവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ചിത്രത്തിന്റെ എഴുപത് ശതമാനത്തോളം ഷൂട്ടിംഗ് വയനാട്ടിൽ പൂർത്തിയായിരുന്നു. മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിറും സംഗീതം ഷാൻ റഹ്മാനുമാണ്. ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്.