ദില്ലി: ദില്ലിയില്‍ പന്ത്രണ്ടു വയസുകാരിക്ക് ക്രൂരപീഡനം. പശ്ചിംവിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയ്ക്കാണ് ക്രൂരപീഡനത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി എംയിസില്‍ ചികിത്സയിലാണ്. നില്‍ക്കാന്‍ പോലും ആവാതെ രക്തത്തില്‍ കുളിച്ച നിലയില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ വീടിന്റെ ബാല്‍ക്കണിയില്‍ അയല്‍ക്കാരാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. അയല്‍ക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. വെന്റിലേറ്റര്‍ സഹായത്തിലാണ് പെണ്‍കുട്ടിയുള്ളതെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി. തലയ്ക്കും സ്വകാര്യ ഭാഗങ്ങളിലെ പരിക്കിനും പെണ്‍കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞതായും ഡോക്ടര്‍മാര്‍ വിശദമാക്കി.
കുട്ടി വീട്ടില്‍ തനിച്ചായിരുന്നുവെന്നും കുട്ടിയുടെ അമ്മയും സഹോദരിയും ജോലിക്ക് പോയ സമയത്ത് അജ്ഞാതനായ പുരുഷന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയും മാതാപിതാക്കളും സഹോദരിയും അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിന് സമീപത്തുള്ള ഫാക്ടറിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലായ ശേഷം അക്രമി വീട്ടിമുള്ളില്‍ കയറി പെണ്‍കുട്ടിയുടെ മുഖത്തും തലയിലും മൂര്‍ച്ചയുള്ളതും ഭാരമേറിയതുമായ വസ്തു ഉപയോഗിച്ച് പലതവണ അടിച്ചതായും തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ട അയല്‍വാസികള്‍ സമീപത്തെ ക്ലിനിക്കിലെത്തിക്കുകയായിരുന്നുവെന്നും തുടര്‍ന്ന പെണ്‍കുട്ടിയുടെ ശരീരത്തിലും വയറിലും മുഖത്തും കാലിലും ഉണ്ടായ മുറിവുകള്‍ ശ്രദ്ധിച്ചതോടെ പെണ്‍കുട്ടിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അവസ്ഥ മോശമായതിനെ തുടര്‍ന്ന് രാത്രിയില്‍ പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
അതേസമയം വീട്ടില്‍ ആരും അതിക്രമിച്ച് കയറിയ ലക്ഷണങ്ങള്‍ ഇല്ലെന്നും അക്രമിയെ കുട്ടിക്ക് പരിചയമുള്ള ആളാവാനാണ് സാധ്യതയുള്ളതെന്നുമാണ് പൊലീസ് പറയുന്നത്. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലായ ശേഷം അക്രമിയെത്തിയെന്നാണ് പൊലീസ് നിരീക്ഷിക്കുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികളെ സ്വതന്ത്രരായി വിഹരിക്കാന്‍ അനുവദിക്കരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദില്ലി ഡിസിപി വ്യക്തമാക്കി. കൊലപാതകശ്രമത്തിനും പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് അയല്‍വാസികളെ ചോദ്യം ചെയ്യല്‍ അരംഭിച്ചു. കൂടാതെ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതികളെ തിരിച്ചറിയാന്‍ ശ്രമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.