FeaturedHome-bannerInternationalNews

ടൈറ്റാനിക്കിനെ തേടിപ്പോയ ടൈറ്റനെക്കുറിച്ച് വിവരമില്ല;ഉള്ളിൽ ശതകോടീശ്വരൻ അടക്കം 5 പേർ,ഇനിയാകെയുള്ളത് 60 മണിക്കൂർ നേരത്തേക്കുള്ള പ്രാണവായു മാത്രം

വാഷിങ്ടണ്‍: തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സമുദ്രാന്തര്‍ഭാഗത്തേക്ക് യാത്രികരുമായി പോയ ജലപേടകം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായി. യു.എസ്. കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ ജലപേടകം ടൈറ്റനാണ് കാണാതായത്. പേടകത്തിന്റെ പൈലറ്റിനെ കൂടാതെ ബ്രിട്ടീഷ് ശതകോടീശ്വരനും പര്യവേഷകനുമായ ഹാമിഷ് ഹാര്‍ഡിങ് ഉള്‍പ്പെടെ നാലുപേരാണ് ജലപേടകത്തിലുള്ളത്. 

ഇനിയാകെ പേടകത്തിനകത്തുള്ളത് 60 മണിക്കൂർ നേരത്തേയ്ക്കുള്ള പ്രാണവായു മാത്രമാണ്. യു.എസ്.-കാനഡ കോസ്റ്റ് ഗാര്‍ഡുകള്‍ ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം ടൈറ്റാന് എന്താണ് സംഭവിച്ചത് എന്ന കാര്യം വ്യക്തമല്ല. തന്റെ യാത്രയെ കുറിച്ച് ഹാമിഷ് ഹാര്‍ഡിങ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

111 കൊല്ലം മുന്‍പ് 1912 ഏപ്രില്‍ പതിനഞ്ചിനായിരുന്നു ടൈറ്റാനിക് ദുരന്തം.ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ തുറമുഖത്തുനിന്ന് യു.എസിലെ ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടതായിരുന്നു റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക് എന്ന ബ്രിട്ടീഷ് യാത്രാക്കപ്പല്‍. ഒരിക്കലും മുങ്ങാത്തത് എന്ന വിശേഷണംപേറി, യാത്ര ആരംഭിച്ച് രണ്ടരമണിക്കൂറിനു ശേഷം മഞ്ഞുമലയില്‍ ഇടിച്ചു തകര്‍ന്ന ടൈറ്റാനിക്കില്‍ യാത്രക്കാരായി ഉണ്ടായിരുന്നത് 2223 പേരാണ്. ഇതില്‍ 1,500-ല്‍ അധികം പേര്‍ക്കും ജീവന്‍ നഷ്ടമായി.

കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡിലെ സെയ്ന്റ് ജോണ്‍സിന് എഴുന്നൂറ് കിലോമീറ്റര്‍ തെക്കായാണ് സമുദ്രാന്തര്‍ഭാഗത്ത് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഉള്ളത്. അറ്റ്‌ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് ഏകദേശം 3,800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. 1985-ലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. അതിനു ശേഷം വ്യാപകമായി ഇവിടെ പര്യവേഷണം നടക്കുന്നുണ്ട്.

കാനഡയുടെ തീരത്തുനിന്ന് 600 കിലോമീറ്റർ അകലെയാണ് അന്തർവാഹിനി കാണാതായത്. അന്തർവാഹിനി കാണാതായ വിവരം ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ബിബിസിയാണ്. അന്തർവാഹിനി കാണാതായ വിവരം പുറത്തുവന്നപ്പോൾ മുതൽ തെരച്ചിൽ ഊർജ്ജിതമാണ്. യുഎസ് കോസ്റ്റ്​‍​ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നത്. 

യാത്രയുടെ സംഘാടകരായ യുഎസ് കമ്പനി ഓഷൻ​ഗേറ്റ് എക്സ്പഡിഷൻസ് വളരെ സാഹസികമായ, സമുദ്രാന്തർഭാ​ഗമടക്കം സന്ദർശിച്ചു കൊണ്ടുള്ള അനേകം യാത്രകളും പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി രണ്ടുകോടി രൂപയാണ് കമ്പനി യാത്രക്കാരിൽ നിന്നും ഈടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.

എട്ട് ദിവസത്തെ പര്യടനമായിരുന്നു കമ്പനി യാത്രക്കാർക്ക് വാ​ഗ്ദ്ധാനം ചെയ്തിരുന്നത്. എന്നാൽ, തീരെ പ്രതീക്ഷിക്കാത്ത വാർത്തയാണ് യാത്ര തുടങ്ങി ഒരു ദിവസം പിന്നിട്ടപ്പോൾ എത്തിയത്. അത് യാത്രികരുമായി പോയ അന്തർവാഹിനി കാണാനില്ല എന്നതായിരുന്നു. ഇപ്പോഴും തെരച്ചിൽ ഊർജ്ജിതമാണ്. 

ടൈറ്റന്‍

കാണാതായ ടൈറ്റന്‍ പേടകത്തിന് ഏകദേശം ഒരു ട്രക്കിന്റെ വലിപ്പമുണ്ട്. 22 അടി നീളവുമുള്ള ഈ ജലപേടകത്തിന് അഞ്ചുപേരെ 96 മണിക്കൂറോളം വഹിക്കാനാകും. അടിയന്തരഘട്ടങ്ങളില്‍ നാലുദിവസത്തേക്ക് ആവശ്യമുള്ള ഓക്‌സിജനും ടൈറ്റാനിലുണ്ടെന്നാണ് വിവരം. ഒരു പൈലറ്റും മൂന്ന് യാത്രികരുമാണ് സാധാരണയായി പേടകത്തില്‍ ഉണ്ടാവാറ്. പതിനായിരത്തില്‍ അധികം കിലോ ഭാരവുമുണ്ട്. നാലായിരത്തില്‍ അധികം കിലോമീറ്റര്‍ ആഴത്തിലേക്ക് സഞ്ചരിക്കാനുമാകും.

മണിക്കൂറില്‍ 5.55 കി.മിയാണ് ടൈറ്റാന് സഞ്ചരിക്കാനാകുന്ന വേഗത. ടൈറ്റനില്‍ ജി.പി.എസ്. സംവിധാനമില്ല. പകരം ജലോപരിതലത്തിലുള്ള ടീമില്‍നിന്ന് ലഭിക്കുന്ന ടെക്സ്റ്റ് മെസേജുകള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പ്ലേ സ്റ്റേഷന്‍ കണ്‍ട്രോളര്‍ ഉപയോഗിച്ചാണ് ടൈറ്റനെ നിയന്ത്രിക്കുന്നത്.

ന്യൂഫൗണ്ട്‌ലാന്‍ഡിലെ സെന്റ് ജോണ്‍സില്‍നിന്നാണ് പേടകത്തിന്റെ യാത്ര ആരംഭിക്കുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ അരികിലേക്ക് പോയി മടങ്ങിവരാന്‍ ആവശ്യമാവുക ഏകദേശം എട്ടുമണിക്കൂറാണ്. മൂന്നു പേടകങ്ങള്‍ സ്വന്തമായുണ്ടെന്നാണ് ഓഷ്യന്‍ഗേറ്റ് തങ്ങളുടെ വെബ്‌സൈറ്റില്‍ പറയുന്നത്.

ഇതില്‍ ടൈറ്റാന് മാത്രമാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ അടുത്തുപോയി മടങ്ങി എത്താനുള്ള ശേഷിയുള്ളത്. ടൈറ്റാന്‍ ഉള്‍പ്പെടെയുള്ള ജലപേടകങ്ങളെ ടൈറ്റാനിക് തകര്‍ന്നുകിടക്കുന്ന സ്ഥലത്തേക്ക് എത്തിക്കുന്നത് പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ്. തുടര്‍ന്ന് ജലപേടകം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നിടത്തേക്ക് യാത്രക്കാരുമായി പോകും.

ടൈറ്റാനിക്കിനെ കാണാനുള്ള യാത്ര നല്ല പണച്ചലവുള്ള സംഗതിയാണ്. എട്ടുദിവസത്തെ യാത്രയ്ക്ക് ഒരാള്‍ നല്‍കേണ്ടത് രണ്ടുകോടിയോളം (2,05,30,125) രൂപയാണ്. ആളുകളെ പേടകത്തിനുള്ളില്‍ ആക്കിയ ശേഷം പുറത്തുനിന്ന് അടച്ച് ഭദ്രമാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍തന്നെ അപകടത്തില്‍പ്പെടുന്ന പക്ഷം പേടകത്തില്‍നിന്ന് രക്ഷപ്പെടുക ബുദ്ധിമുട്ടേറിയ സംഗതിയാണെന്ന് മുന്‍പ് ടൈറ്റനില്‍ സഞ്ചരിച്ചവര്‍ അന്തര്‍ദേശീയമാധ്യമങ്ങളോടു പ്രതികരിച്ചു. പേടകം ജലോപരിതലത്തില്‍ എത്തിച്ചാലും/ എത്തിപ്പെട്ടാലും പുറത്തുനിന്നുള്ളവരുടെ സഹായമില്ലാതെ യാത്രികര്‍ക്ക് അതില്‍നിന്ന് പുറത്തിറങ്ങാനാവില്ലെന്ന് ചുരുക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button