ഇടുക്കി :രാജമലയിൽ ജനവാസ മേഖവലയിൽ ഇറങ്ങിയ കടുവയ്ക്ക് ഇടത് കണ്ണിന് തിമിരമുണ്ടെന്ന് കണ്ടെത്തി. പത്ത് പശുക്കളെ കൊല്ലുകയും മറ്റ് മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത് ജനത്തെ ഭീതിയിലാക്കിയ കടുവയെ ഇന്നലെയാണ് വനം വകുപ്പ് കെണിവച്ച് പിടികൂടിയത്.
വനംവകുപ്പിന്‍റെ കൂട്ടിൽ അകപ്പെട്ട കടുവയെ കാട്ടിലേക്ക് തുറന്നുവിടണോ എന്നതടക്കം തീരുമാനിക്കുന്നതിന് മുന്നോടിയായി ആരോഗ്യ പരിശോധന നടത്തിയിരുന്നു . ഇതിലാണ് ഇടത് കണ്ണിൽ തിമിരം ബാധിച്ചതായി കണ്ടെത്തിയത്.
ഇടത് കണ്ണിന് തിമിര ബാധ ഉള്ളതു കൊണ്ടുതന്നെ തുറന്നുവിടാൻ പറ്റുന്ന ആരോഗ്യനിലയിൽ അല്ല കടുവയുള്ളതെന്ന് വനം വകുപ്പ് പറഞ്ഞു. സ്വാഭാവിക ഇര തേടൽ അസാധ്യം ആണ്. ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ കേന്ദ്രങ്ങൾ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്നും വനം വകുപ്പ് പറയുന്നു. അതുകൊണ്ട് കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും.