KeralaNews

കർഷകനെ കൊന്ന കടുവ തൃശ്ശൂർ മൃഗശാലയിലേക്ക്

കല്പറ്റ : വാകേരി കൂടല്ലൂരിൽ കർഷകനെ കൊന്ന കടുവ ഇനി തൃശ്ശൂർ മൃഗശാലയിലേക്ക്. നാലാംമൈൽ പച്ചാടിയിലെ വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ കൂടല്ലൂരിൽനിന്ന് പിടികൂടിയ കടുവയെക്കൂടി പരിചരിക്കാൻ ഇടമില്ലാത്തതിനാലാണ് തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റുന്നത്. മെഡിക്കൽ പരിശോധനകൾക്കുശേഷമായിരിക്കും കടുവയെ മാറ്റുന്നത്.

അഞ്ച്‌ കടുവകൾക്ക് സ്വസ്ഥമായി താമസിക്കുന്നതിനുള്ള സൗകര്യമാണ് സംരക്ഷണകേന്ദ്രത്തിലുള്ളത്. ഇതിൽ ഏഴുകടുവകളെയാണ് ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. 2022 മുതൽ ജില്ലയിലെ വിവിധ ജനവാസമേഖലകളിലിറങ്ങി പ്രയാസം സൃഷ്ടിച്ച കടുവകളാണ് സംരക്ഷണകേന്ദ്രത്തിലുള്ളവയെല്ലാം. പുതുശ്ശേരിയിൽ തോമസിനെ കൊന്ന കടുവയും ഇക്കൂട്ടത്തിലുണ്ട്.

പ്രായമായവയും മനുഷ്യവന്യജീവി സംഘർഷത്തിലോ അല്ലെങ്കിൽ വനത്തിൽ നിന്നുതന്നെ ഗുരുതരമായ പരിക്കേറ്റോ പുറന്തള്ളപ്പെട്ടവയാണ് ഈ കടുവകളെല്ലാം. അതിനാൽതന്നെ ഇരതേടുന്നതിനായി വീണ്ടും ജനവാസമേഖലകളിലെത്താനുള്ള സാഹചര്യം പരിശോധിച്ചാണ് ഇവയെ സംരക്ഷണകേന്ദ്രങ്ങളിൽ താമസിപ്പിച്ചിരിക്കുന്നത്.

അഞ്ചുസെല്ലുകളിലും തീവ്രപരിചരണം ആവശ്യമായ കടുവകളെ ചികിത്സിക്കുന്നതിനുള്ള രണ്ട് സ്ക്യൂസ് കേജുകളിലും ഇപ്പോൾ കടുവകളെ പാർപ്പിച്ചിരിക്കുകയാണ്. സ്ക്യൂസ് കേജുകളും നിറഞ്ഞിരിക്കുന്നതിനാൽ ഇപ്പോൾ പിടികൂടിയ കടുവയെ പരിചരിക്കുന്നതിനും പ്രത്യേകം സംവിധാനം ഒരുക്കേണ്ടിവരും.

കടുവകൾക്ക് വനസമാന വാസസൗകര്യമൊരുക്കിയിട്ടുള്ള നാലു പെഡോക്കുകളും കേന്ദ്രത്തിലുണ്ട്. ശരാശരി 25 മീറ്റർ നീളത്തിലും വീതിയിലുമായി 20 അടിയിലധികം ഉയരത്തിൽ കമ്പിവല സ്ഥാപിച്ച പുൽമേടുകളാണ് പെഡോക്കുകൾ. സെല്ലുകളിൽ കഴിയുന്ന കടുവകളെ മാറിമാറി പെഡോക്കുകളിലേക്ക് മാറ്റുകയാണ് പതിവ്.

ജനവാസമേഖലകളിൽ കടുവകളുടെ സാന്നിധ്യം സ്ഥിരമായതോടെ കൂടുതൽ സെല്ലുകൾ സംരക്ഷണകേന്ദ്രത്തിൽ ഒരുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കൂടുതൽ കടുവകളെ എത്തിക്കുന്നതിനൊപ്പം അവയുടെ പരിചരണത്തിനാവശ്യമായ തുകയും ലഭ്യമാകേണ്ടതുണ്ട്. ഓരോ കടുവയ്ക്കും രണ്ടുദിവസം കൂടുമ്പോൾ പത്തുകിലോ വീതം ഇറച്ചിവേണം. ഒരുമാസം ഒരു കടുവയ്ക്ക് ഏതാണ്ട് 60,000 രൂപയുടെ ചെലവുണ്ട്. പുതിയ കൂടുകളും കടുവകളും എത്തിയാൽ വലിയ തുക ചെലവാക്കേണ്ടി വരും. ഇതിനെല്ലാം പരിഹാരമായി സംരക്ഷണകേന്ദ്രത്തിൽ സഫാരി പാർക്ക് സ്ഥാപിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നും ആവശ്യമുയരുന്നു.

സംരക്ഷണകേന്ദ്രത്തിലെ കടുവകൾ

1. 2022 മാർച്ചിൽ മാനന്തവാടിയിൽനിന്ന് പിടികൂടിയ നാലുവയസ്സുള്ള ആൺകടുവ

2. 2022 ജൂലായിൽ വാകേരിയിൽനിന്ന് പിടികൂടിയ 14 വയസ്സുള്ള പെൺകടുവ

3. 2022 ഓഗസ്റ്റിൽ ചീരാലിൽനിന്ന് പിടികൂടിയ 12 വയസ്സുള്ള ആൺകടുവ

4. 2022 നവംബറിൽ കൃഷ്ണഗിരി കുപ്പമുടിയിൽനിന്ന് പിടികൂടിയ 11 വയസ്സുള്ള ആൺകടുവ

5. 2023 ജനുവരിയിൽ കുപ്പാടിത്തറയിൽനിന്ന് പിടികൂടിയ പത്തുവയസ്സുള്ള ആൺകടുവ. പുതുശ്ശേരിയിൽ‌ തോമസിനെ കൊന്ന കടുവയാണിത്.

6. 2023 സെപ്റ്റംബറിൽ മൂലങ്കാവ് എറളോട്ടുകുന്നിൽനിന്ന് പിടികൂടിയ 12 വയസ്സുള്ള പെൺകടുവ.

7. 2023 സെപ്റ്റംബറിൽ മാനന്തവാടി പനവല്ലിയിൽനിന്ന് പിടികൂടിയ 10 വയസ്സുള്ള പെൺകടുവ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button