തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയമുറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വീട്ടില്‍ ആഘോഷം. വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നല്‍കി ആഹ്ലാദം പങ്കിട്ടു. തുടര്‍ന്ന് വീട്ടിലെത്തിയവര്‍ക്കെല്ലാം മധുരം വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്. സന്തോഷം പങ്കിടുന്നതിനായി വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപി പിന്നീട് പ്രതികരിക്കാമെന്നാണ് പറഞ്ഞത്. തൃശൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം പ്രതികരിക്കാമെന്നുമാണ് വ്യക്തമാക്കിയത്. ഭാര്യ രാധികയും മക്കളും ചേര്‍ന്ന് പായസം നല്‍കിയാണ് ആഘോഷം പങ്കിട്ടത്.
കൊല്ലത്തെ തോല്‍വിക്കിടയിലും സുരേഷ് ഗോപിയെ കാണാൻ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും എത്തിയിരുന്നു. കൃഷ്ണകുമാറും ഭാര്യയും സുരേഷ് ഗോപിയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. കൊല്ലത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും കേരളത്തില്‍ താമര വിരിയില്ല, വിരിയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ഇന്ത്യയൊന്നാകെ തൃശൂരിലേക്ക് നോക്കുകയാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷ് ഗോപി മാറിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
തൃശൂരിലെത്തിയശേഷം സുരേഷ് ഗോപി മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. സുരേഷ് ഗോപിയുടെ ലീഡ് 70000 കടന്നു.71136 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. ഇതുവരെ 380655വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍ ആണ് പിന്നില്‍. 309519 വോട്ടുകളാണ് സുനില്‍ കുമാര്‍ ഇതുവരെ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ 299675 വോട്ടുകളാണ് ഇതുവരെ നേടിയത്.