തൃശൂർ :സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടാത്തതിനെ തുടർന്ന് ജീവനൊടുക്കിയ യുവാവിന്റെ കുടുംബത്തിനു സഹായപ്രവാഹം. ഗാന്ധിനഗർ കുണ്ടുവാറ പച്ചാലപ്പൂട്ട് പരേതനായ വാസുവിന്റെ മകൻ വിപിൻ (25) ആണു കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ ജീവനൊടുക്കിയത്. സഹോദരിയുടെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കുകയായിരുന്നു. വിവാഹ സഹായമായി 3 ലക്ഷം രൂപ പ്രഖ്യാപിച്ച മജ്‌ലിസ് ചാരിറ്റബിൾ ട്രസ്റ്റ് ഇന്നലെ ഒന്നര ലക്ഷം രൂപയുടെ ചെക്ക് വീട്ടിലെത്തി കൈമാറി. മലബാർ ഗോൾഡ് 3 പവൻ സ്വർണവും ചെമ്പൂക്കാവ് സേക്രഡ് ഹാർട്ട് ഇടവക 25,000 രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. തിങ്കൾ ഉച്ചയോടെയായിരുന്നു വിപിന്റെ മരണം.
വായ്പ ലഭിക്കുമെന്ന ഉറപ്പിൽ സ്വർണം എടുക്കാൻ അമ്മ ബേബിയെ പുത്തൻപള്ളിക്കു സമീപത്തെത്തിച്ച വിപിൻ രണ്ടു ബന്ധുക്കളോട് അവിടേക്കു വരാൻ ഫോണിൽ പറയുകയും ചെയ്തിരുന്നു. ഇവരും ബേബിയും കുറച്ചു നേരം കാത്തുനിന്ന ശേഷം സ്വർണക്കടയിൽ കയറാതെ മടങ്ങി. വീട്ടിലെത്തിയപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. പുലർച്ചെ വിപിനും വിദ്യയും പ്രതിശ്രുത വരൻ നിധിനും സുഹൃത്തുക്കളും ‘സേവ് ദ് ഡേറ്റ്’ ചിത്രീകരണത്തിനായി കേച്ചേരിയിൽ പോയിരുന്നു.
തുടർന്ന് 8.30ന് നിധിൻ കയ്പമംഗലത്തെ വീട്ടിലേക്കു പോയി. വായ്പ വാങ്ങിക്കാൻ ഒരിടം വരെ പോകുന്ന കാര്യം വിപിൻ നിധിനോടു പറഞ്ഞിരുന്നു. നിധിനും വിദ്യയും നേരത്തേ പരിചയത്തിലായിരുന്നു. സ്ത്രീധനമോ സ്വർണമോ ആവശ്യപ്പെട്ടിരുന്നില്ലെന്ന് നിധിൻ പറഞ്ഞു. വിദേശത്തു നിന്നു കഴിഞ്ഞ ഏപ്രിലിൽ നാട്ടിലെത്തിയ നിധിനു പുതിയ ജോലി കിട്ടിയതിനാൽ ജനുവരിയിൽ വീണ്ടും ഷാർജയിലേക്കു പോകാനിരിക്കുകയായിരുന്നു.
രണ്ടു വർഷത്തെ വീസ ആയതിനാലാണു പോകും മുൻപു വിവാഹം നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചത്. വിപിൻ എവിടെയാണ് അവസാനം വായ്പാ അപേക്ഷ കൊടുത്തിരുന്നത് എന്നതിൽ ബന്ധുക്കൾക്കും വ്യക്തതയില്ല. ജില്ലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നടത്തറ കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തിൽ സംസ്കരിച്ചു.
ആവശ്യത്തിന് ഭൂമി ഇല്ലാത്തതാണ് വിപിന് പ്രധാന ബാങ്കുകൾ വായ്പ നിഷേധിക്കാൻ കാരണം. പുതുതലമുറ ബാങ്കുകളടക്കം വായ്പ നിഷേധിച്ച കാര്യം വിപിൻ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. 3 സെന്റിൽ താഴെ സ്ഥലത്താണ് വിപിന്റെ ഓടിട്ട വീട്. ഇത്രയും ചെറിയ സ്ഥലം മാത്രം ഈടായി വച്ച് വായ്പ അനുവദിക്കാൻ പൊതുവേ ബാങ്കുകൾ വിമുഖത കാണിക്കാറുണ്ട്.
ഒടുക്കം വിപിൻ വായ്പ ഉറപ്പിച്ച ധനകാര്യ സ്ഥാപനം വായ്പ നിഷേധിച്ചതിന്റെ കാരണവും വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടില്ല. വിപിന്റെ അച്ഛൻ വാസു മരപ്പണിക്കാരനായിരുന്നു . 5 വർഷം മുൻപാണ് ഹൃദയാഘാതം മൂലം മരിച്ചത്. മരത്താക്കരയിലെ സ്വകാര്യ കാർ ഷോറൂമിലെ ഓട്ടമൊബീൽ ടെക്നിഷ്യൻ ആയ വിപിൻ, മുൻപ് സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാൻ ആയും ജോലി നോക്കിയിട്ടുണ്ട്.
അമ്മ ബേബി അങ്കണവാടി ജീവനക്കാരി ആയിരുന്നു. സഹോദരി വിദ്യ തൃശൂർ സേവന മെഡിക്കൽസിൽ കാഷ് വിഭാഗത്തിൽ ജീവനക്കാരിയാണ്. മജ്‌ലിസ് ട്രസ്റ്റ് ചെയർമാൻ സി.എ.സലീം, ജനറൽ സെക്രട്ടറി എം.എം.അബ്ദുൽ ജബ്ബാർ എന്നിവർ വീട്ടിലെത്തിയാണു 3 ലക്ഷം രൂപ സഹായ ധനത്തിന്റെ ആദ്യ ഗഡു ചെക്ക് കൈമാറിയത്.