തൃശൂർ: തിരഞ്ഞെടുപ്പു തോൽവിയെച്ചൊല്ലിയുള്ള കൂട്ടത്തല്ലിനെ തുടർന്ന് തൃശൂർ ഡിഡിസി പിരിച്ചുവിട്ടേക്കും. പാലക്കാട്ടെ നിയുക്ത എംപി വി.കെ.ശ്രീകണ്ഠന് ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, യുഡിഎഫ് ജില്ലാ കൺവീനർ എം.പി.വിൻസെന്റ് എന്നിവരെ മാറ്റിയേക്കും. കേന്ദ്ര, സംസ്ഥാന നേതാക്കൾ കർശന നടപടിക്കൊരുങ്ങുകയാണ്. തമ്മിലടി രൂക്ഷമായതിനെ തുടർന്നാണ് ജില്ലയിലെ നേതാക്കളെ ഒഴിവാക്കി പാലക്കാട്ടെ നേതാവിന് ഡിസിസി ചുമതല നൽകിയത്.
ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ച് അദ്ദേഹം വെള്ളിയാഴ്ച ഓഫിസിൽ പ്രതിഷേധിച്ചിരുന്നു. മർദനം ചോദ്യം ചെയ്യാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫിസിൽ ഉണ്ടായിരുന്നവരും തമ്മിലും കയ്യാങ്കളി നടന്നു. സജീവനെ പിന്നീട് കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷം 5 മണിക്കൂറോളം നീണ്ടുനിന്നു. കെ.മുരളീധരന്റെ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നിൽ പാർട്ടി നേതാക്കളിൽ ചിലരാണെന്ന ആരോപണം, ഫലം വന്ന അന്നു മുതൽ ഉയരുന്നുണ്ട്. ഇതിനെച്ചൊല്ലി ഡിസിസി ഓഫിസിനു മുൻപിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
മുരളീധരന്റെ പ്രചാരണത്തിൽ സജീവമായി കൂടെയുണ്ടായിരുന്നയാളാണു സജീവൻ. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഓഫിസിലെത്തുമ്പോൾ സജീവനും വിയ്യൂരിലെ കോൺഗ്രസ് പ്രവർത്തകനായ സുരേഷും താഴത്തെ നിലയിൽ ഉണ്ടായിരുന്നു.
നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിച്ചത് എന്തിനെന്നു ജോസ് വള്ളൂർ ചോദിച്ചതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ മർദിക്കുകയായിരുന്നുവെന്നും തടയാനെത്തിയ സജീവനെയും തള്ളിയിട്ടെന്നും സുരേഷ് പറഞ്ഞു.