തൃശൂര്‍: നടനും തൃശൂര്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് എതിരെ നിയമ നടപടിക്കൊരുങ്ങി തൃശൂര്‍ കോര്‍പറേഷന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ശക്തന്‍ പ്രതിമയില്‍ അനുമതിയില്ലാതെ മാല ചാര്‍ത്തിയെന്ന് ആരോപിച്ചാണ് കോര്‍പ്പറേഷന്‍ നടപടിക്കൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സുരേഷ് ഗോപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വൈകീട്ട് അഞ്ചരയോടെയായിരുന്നു നൂറുകണക്കിന് ആളുകളെ അണി നിരത്തിയുള്ള റോഡ് ഷോ നടത്തിയത്. ശക്തന്‍ പ്രതിമയില്‍ മാല ചാര്‍ത്തിയ ശേഷമായിരുന്നു റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചത്. ശേഷം, സ്വരാജ് ഗ്രൗണ്ടിലാണ് റോഡ് ഷോ അവസാനിച്ചത്.
എന്നാല്‍ ശക്തന്‍ പ്രതിമയില്‍ മാല ചാര്‍ത്തുന്ന വിവരം കോര്‍പറേഷനെ അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തില്ലെന്ന് അധികൃതര്‍ അറിയിക്കുന്നു. ഇത്തരം പരിപാടികള്‍ക്ക് മുന്‍കൂട്ടി കോര്‍പ്പറേഷന്റെ അനുവാദം വാങ്ങേണ്ടതുണ്ട്. ഈ നിയമം തെറ്റിച്ചതിന്റെ പേരിലാണ് കോര്‍പ്പറേഷന്‍ നടപടിക്കൊരുങ്ങുന്നത്.