കൊച്ചി:കളമശേരി അനധികൃത ദത്ത് വിവാദത്തിനൊടുവിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി. കോടതി ഇടപെടലിനെ തുടർന്നാണ് നടപടിയെന്ന് സിഡബ്ല്യുസി അറിയിച്ചു.
മാർച്ച് 11നാണ് കളമശേരി അനധികൃത ദത്ത് വിവാദത്തിൽ നിർണായക വഴിത്തിരിവുണ്ടാകുന്നത്. കുഞ്ഞിന്റെ താൽകാലിക സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കുന്നതിൽ തടസമില്ലെന്ന നിലപാടിൽ ചൈൽഡ് വെൽഫെയർ കമ്മറ്റി എത്തുകയായിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന് യഥാർത്ഥ മാതാപിതാക്കളും നിലപാടെടുത്തിരുന്നു. ഇതെ തുടർന്നായിരുന്നു നീക്കം.
കുഞ്ഞിന്റെ താൽകാലിക സംരക്ഷണാവകാശം ആവശ്യപ്പെട്ട് സിഡബ്ല്യുസിക്ക് അപേക്ഷ നൽകി തൊട്ടുപിന്നാലെ ദമ്പതികൾ ഹൈക്കോടതിയേയും സമീപിച്ചിരുന്നു. വൈകാരിക വിഷയം കൂടിയായതിനാൽ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളുടെ നിലപാടും ചൈൽഡ് വെൽഫയർ കമ്മറ്റി തേടിയിരുന്നു.
കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് നൽകുന്നതിൽ അവർക്കും എതിർപ്പില്ലെന്ന് അറിയിച്ചു. ഇതോടെയാണ് വിവരം കോടതിയെ അറിയിക്കാൻ തീരുമാനമായത്. തുടർന്ന് മാർച്ച് 13ന് ഹൈക്കോടതിയിൽ ചൈൽഡ് വെൽഫെയർ കമ്മറ്റി ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.