32.8 C
Kottayam
Friday, May 3, 2024

പകൽ വാക്സിനേഷൻ ക്യാമ്പ് ,രാത്രി നായ്ക്കളെ കൊല്ലാനുള്ള വിഷം കലക്കൽ കേന്ദ്രം,ഞെട്ടിത്തരിച്ച് കേരളം

Must read

കൊച്ചി:തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടികൂടി കൊന്നു കുഴിച്ചുമൂടിയ സംഭവം അന്വേഷിക്കുന്നതിനിടെ വിഷ നിര്‍മാണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത്. സംഭവം തൃക്കാക്കര നഗരസഭ പരിധിയില്‍. പകല്‍ കോവിഡ് വാക്സിനേഷന്‍ ക്യാംപ് നടക്കുന്ന തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളിലാണു രാത്രിയില്‍ നായ്ക്കളെ കൊല്ലാനുള്ള വിഷം തയാറാക്കുന്നതെന്നു കണ്ടെത്തി.

ഇതോടെ ഈ കേന്ദ്രത്തിലെ വാക്സിനേഷന്‍ ക്യാംപ് നിര്‍ത്തി. സംഭവത്തെക്കുറിച്ചു വിശദ അന്വേഷണം തുടങ്ങി.ഒടുവില്‍ കൊന്നു കൂട്ടത്തോടെ കുഴിച്ചു മൂടിയ മുപ്പതോളം തെരുവുനായ്ക്കളുടെ ജീര്‍ണിച്ച ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടം നടത്തി.

തൃക്കാക്കര നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രം വളപ്പിലെ കുഴിയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്. വേറെയും കുഴികള്‍ കണ്ടെത്തിയെങ്കിലും ജഡങ്ങള്‍ ജീര്‍ണിച്ച നിലയിലായതിനാലും തിരച്ചില്‍ ഏറെക്കുറെ അസാധ്യമായതിനാലും വേണ്ടെന്നുവച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം സംബന്ധിച്ചു പ്രാഥമിക സൂചനകളൊന്നും ലഭിച്ചില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു. ഇതിന്റെ ഫലം ലഭിച്ചാലേ നായ്ക്കളെ എങ്ങനെയാണു കൊന്നതെന്നു വ്യക്തമാകു.

കുരുക്കിട്ടു പിടിക്കുന്ന നായ്ക്കളെ കുത്തിവച്ചു കൊല്ലാനുള്ള വിഷലായനിയാണ് ഇവിടെ ഉണ്ടാക്കിയിരുന്നത്. ഇതിനുള്ള സാമഗ്രികള്‍ പൊലീസും എസ്പിസിഎ അധികൃതരും കണ്ടെടുത്തിട്ടുണ്ട്. അതേസമയം കമ്യൂണിറ്റി ഹാളിലെ വാക്സിനേഷന്‍ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ വാക്സിനേഷന്‍ ഓഫിസര്‍ ഡോ. ശിവദാസാണ് ഉത്തരവിട്ടത്.

റിപ്പോര്‍ട്ട് നല്‍കാന്‍ നഗരസഭ മെഡിക്കല്‍ ഓഫിസര്‍ ഡോ. ധന്യയെ ചുമതലപ്പെടുത്തി. വിവാദ സംഭവം അന്വേഷിക്കുന്നതിനിടെയാണു വാക്സിനേഷന്‍ കേന്ദ്രത്തില്‍ രാത്രി നായ് പിടിത്തക്കാര്‍ വിഷ പദാര്‍ഥങ്ങള്‍ കൂട്ടിക്കലര്‍ത്തുന്നതു കണ്ടെത്തിയത്. കമ്യൂണിറ്റി ഹാളില്‍ താമസിക്കാന്‍ സൗകര്യം തന്നതു നഗരസഭയാണെന്നു നായ് പിടിത്തക്കാര്‍ എസ്പിസിഎ അധികൃതരോടു പറഞ്ഞു. നായ്‌പിടിത്തത്തിനു തങ്ങള്‍ക്കു മുന്‍കൂര്‍ പണം തന്നതു നഗരസഭ ഉദ്യോഗസ്ഥനാണെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week