മലപ്പുറം: കാഴ്ചമറക്കുന്ന രീതിയിൽ മൂന്ന് വയസ് പ്രായമുള്ള കുട്ടിയെ വാഹനത്തിന്റെ സ്റ്റിയറിങിൽ പിടിച്ചുനിർത്തിയിരിക്കുന്നത് എഐ ക്യാമറയിൽ പതിഞ്ഞതോടെ ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. മാർച്ച് 10-ാം തീയതിയായിരുന്നു സംഭവം നടന്നത്.
പുറക്കാട്ടുകിരി എന്ന സ്ഥലത്തെ എഐ ക്യാമറയിലാണ് ഇത് പതിഞ്ഞത്. പ്രഥമ ദൃഷ്ടിയാൽ അപകടകരമാകും വിധത്തിലുള്ള ഡ്രൈവിങ് നടത്തി, ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ കുട്ടിയെ ഇരുത്തി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നീ സാഹചര്യങ്ങളിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതെന്ന് കോഴിക്കോട് ആർടിഎ പറഞ്ഞു.
മലപ്പുറത്ത് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന വഴിയ്ക്ക് യാത്രക്കിടെ കുട്ടി കരഞ്ഞപ്പോൾ മടിയിൽ എടുത്തുവെച്ചതാണ് എന്നായിരുന്നു മുസ്തഫ നൽകിയ വിശദീകരണം. നാല് ലൈൻ ട്രാഫിക് ഉള്ള റോഡിലായിരുന്നു സംഭവം.
ഈ റോഡിലൂടെ ഒരു കുട്ടി വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ കുട്ടി സ്റ്റിയറിങ് പിടിച്ച് വാഹനം ഓടിക്കുന്നത് മറ്റു യാത്രക്കാർക്ക് അപകടത്തിന് വഴിവെക്കും. മുസ്തഫയുടെ മറുപടി തൃപ്തകരമല്ലാത്തതിനാലാണ് മൂന്ന് മാസത്തേക്ക് മോട്ടോവാഹനങ്ങൾ ഉപയോഗിക്കുന്നതിന് അയോഗ്യത കൽപ്പിച്ചതെന്നും ആർടിഎ വ്യക്തമാക്കി.