മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം മൂന്ന് പേർ മരിച്ചു. തൃശൂർ സ്വദേശി സുനിൽ കുമാറും (50) രണ്ട് ഒമാൻ പൗരന്മാരുമാണ് മരിച്ചത്. സൊഹാറിലെ ലിവായിലാണ് വാഹനാപകടം ഉണ്ടായത്. ട്രക്ക് ഡ്രെെവർ ട്രാഫിക്കിന്റെ എതിർ ദിശയിലേക്ക് ഓടിച്ചതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ 11 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. സോഹാറിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുനിൽ കുമാർ. വിസ പുതുക്കാൻ സുനിൽ കുമാർ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചുവരുന്ന വഴിയിലായിരുന്നു അപകടം.
അതേസമയം, യുഎഇയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. അബുദാബിയിൽ കഴിഞ്ഞ മാർച്ച് 31ന് കാണാതായ തൃശൂർ സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്തുവീട്ടിൽ സലീം-സഫീനത്ത് ദമ്പതികളുടെ മകൻ ഷെലീമിനെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്.
മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തുള്ള കെട്ടിടത്തിൽ നിന്നാണ് ഷെലീമിന്റെ മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഷെലീം താമസസ്ഥലത്ത് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് റാസൽഖൈമയിലുള്ള ഷെലീമിന്റെ പിതാവ് സലീമിനെ സഹതാമസക്കാർ വിവരമറിയിച്ചു. പിന്നാലെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞദിവസം ഷെലീമിന്റെ മൃതദേഹം കണ്ടെത്തിയത്.