കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ മറഞ്ഞിരിക്കുന്ന വിഐപി ആരാണെന്ന് കണ്ട് പിടിക്കാനുള്ള തന്ത്രപ്പാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കേസില്‍ നിര്‍ണായകമായേക്കാവുന്ന വ്യക്തിയാണ് ഈ വിഐപി. ഇതുമായി ബന്ധപ്പെട്ട് വിഐപിയിലേക്കുള്ള അന്വേഷണം എത്തിനില്‍ക്കുന്നത് മൂന്നുപേരിലേയ്ക്ക് ആണ്. എറണാകുളം പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരിലേയ്ക്കാണ് അന്വേഷണം എത്തിനില്‍ക്കുന്നതെന്നാണ് വിവരം. നിലവില്‍ ഇവരുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞുവെന്നാണ് സൂചന.
കേസിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവു നേടി ദിലീപ് ഖത്തര്‍ യാത്ര നടത്തിയിരുന്നു. ഈ യാത്രയുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. 2018 സെപ്റ്റംബര്‍ 20 മുതലും 2019 ഫെബ്രുവരി 13 മുതലും ഒരാഴ്ച വീതമായിരുന്നു ദിലീപിന്റെ വിദേശയാത്രകള്‍. ഇതോടെ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
അതേസമയം, വിഐപിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ വ്യവസായി മെഹബൂബിന്റെ ഫോട്ടോയുമുണ്ടായിരുന്നെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ തനിക്ക് പറയാന്‍ സാധിക്കില്ലെന്നും പക്ഷെ കാണിച്ച മൂന്നു ഫോട്ടോകളിലൊന്നില്‍ മെഹബൂബിന്റേതുമുണ്ടായിരുന്നുവെന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. വിഐപി താന്‍ അല്ലെന്ന് വ്യക്തിമാക്കിയുള്ള മെഹബൂബിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു ബാലചന്ദ്രകുമാറിന്റെ പരാമര്‍ശം.
വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാന്‍ സാധിക്കില്ല. പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ടായിരുന്നു. അത് എനിക്ക് വ്യക്തമായി പറയാന്‍ സാധിക്കുന്ന കാര്യമാണ്. ഇദ്ദേഹത്തിന്റെ പേര് മെഹബൂബ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ആറു വ്യക്തികളുടെ ഫോട്ടോ കാണിച്ചു. അതില്‍ മൂന്നെണ്ണമായി ചുരുക്കി. ഇതിലൊന്ന് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ഞാന്‍ പറഞ്ഞിട്ടില്ല. പേര് ഇപ്പോഴാണ് അറിഞ്ഞത്. ഇദ്ദേഹം നിരപരാധിയായിരിക്കാം. ആ ദിവസം എവിടെയാണെന്ന് മാത്രം പൊലീസിനോട് പറഞ്ഞാല്‍ മതി.
അതേസമയം, ദിലീപിന്റെ വീട്ടില്‍ പോയ ദിവസം തനിക്ക് ഇപ്പോള്‍ ഓര്‍മയില്ലെന്ന് മെഹബൂബ് പറഞ്ഞു. ‘രേഖകള്‍ നോക്കി ആ ദിവസം കൃത്യമായി പറയാന്‍ സാധിക്കും. പൊലീസിന് മുന്നില്‍ സംശയം തോന്നുന്നവരുടെ ഫോട്ടോകള്‍ ഉണ്ടാകും. ഇത് ബന്ധപ്പെട്ടവരോട് ചോദിച്ചിരിക്കാം. അതു കൊണ്ട് ഞാന്‍ തെറ്റുകാരന്‍ ആവണമെന്നുണ്ടോ. പൊലീസ് അന്വേഷണവുമായി ഞാന്‍ പൂര്‍ണമായി സഹകരിക്കും’ എന്നാണ് മെഹബൂബ് പറഞ്ഞത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ നിരവധി പേരുടെ കയ്യിലെത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്നും ഷെരീഫ് എന്ന വ്യക്തി തന്നെ വിളിക്കുകയും യുകെയില്‍ അദ്ദേഹത്തിന്റെ നാല് സുഹൃത്തുക്കളുടെ കയ്യില്‍ നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളുണ്ടെന്നും അതില്‍ നാല് വീഡിയോ ക്ലിപ്പുകളില്‍ ഒരെണ്ണം ഷെരീഫ് എന്ന് പറയുന്ന വ്യക്തി ഇട്ട് കണ്ടുവെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഷെരീഫ് ബാലചന്ദ്രകുമാറിന്റെ ഫോണ്‍ നമ്പര്‍ കണ്ടു പിടിച്ച് വിളിച്ചാണ് ഈ വിവരം പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.
ഫോര്‍ട്ട് കൊച്ചിയില്‍ ദിലീപിന്റെ അടുത്ത സുഹൃത്ത് വഴിയാണ് യുകെയിലുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയതെന്നാണ് ഷെരീഫ് പറഞ്ഞത്. നിലവില്‍ വീഡിയോ ദൃശ്യങ്ങള്‍ കയ്യിലുള്ളവര്‍ ഒരു വര്‍ഷം മുമ്പ് വീഡിയോ കിട്ടിയപ്പോള്‍ ദിലീപിനെ വിളിച്ച് പറഞ്ഞിരുന്നുവെന്നും ഷെരീഫ് എന്നയാള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ വീഡിയോ കണ്ടതെന്നും ഇത് പോലീസിനെ അറിയിക്കണമെന്നുമാണേ്രത ബാലചന്ദ്രകുമാറിനോട് പറഞ്ഞത്.
അത് മാത്രമല്ല, നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ദിലീപും കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള.., ഇവിടുത്തെ പ്രശസ്തയായ ഒരു നടിയുടെ കസിനായിട്ടുളള പെണ്‍ക്കുട്ടി അവരുടെ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ദൃശ്യങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. ഇത് അന്ന് പത്രത്തില്‍ എഴുതുകയും ചെയ്തിരുന്നു. അത് ഏത് നടിയുടെ കസിനാണ് എന്നുള്ളതും അദ്ദേഹം തന്നോട് പറഞ്ഞുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.