തൃശ്ശൂർ: ചാവക്കാടിന് സമീപം ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒരുമനയൂർ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി കായലിൽ ഇറങ്ങി, മൂന്ന് പേർ ചളിയിൽപ്പെട്ടു. ഇത് കണ്ട് പേടിച്ച മറ്റ് രണ്ട് കുട്ടികൾ ഓടി വീട്ടിലേക്ക് പോയി, പേടിച്ചുപോയ ഇവർ വിവരം ആരോടും പറഞ്ഞില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ മൂന്ന് കുട്ടികളെയും പുറത്തെത്തിച്ച് ആശുപത്രിയേലക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരുമനയൂർ സ്വദേശികളായ സൂര്യ, മുഹസിൻ, വരുൺ എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്കും പതിനാറ് വയസ് മാത്രമാണ് പ്രായം. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളും സുരക്ഷിതരാണ്.
കോട്ടയത്ത് (kottayam) മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചിരുന്നു. പേരൂർ ചെറുവാണ്ടൂർ സ്വദേശികളായ 16 ഉം 14 ഉം വയസുള്ള നവീൻ, അമൽ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പേരൂർ പള്ളിക്കുന്നേൽ കടവിൽ കുളിക്കാൻ എത്തിയതായിരുന്നു നാലംഗ സംഘം.
ഇതില്‍ രണ്ടുപേര്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടു. സമീപവാസികള്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തെടുക്കുമ്പോഴേക്കും നവീന്‍ മരിച്ചിരുന്നു. കാരിത്താസ് ആശുപത്രിയില്‍ വെച്ചാണ് അമല്‍ മരിച്ചത്.