27.1 C
Kottayam
Tuesday, May 7, 2024

‘കേരള സ്റ്റോറിയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവർ’, വിവാദപരാമര്‍ശവുമായി കേന്ദ്രമന്ത്രി

Must read

ന്യൂഡല്‍ഹി : ദ കേരളാ സ്റ്റോറി സിനിമയെ എതിർത്തും അനുകൂലിച്ചും ചർച്ചകൾ സജീവമാകുന്നതിനിടെ വിവാദ പരാമർശവുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. കേരള സ്റ്റോറിയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവരാണെന്ന കേന്ദ്രമന്ത്രിയുടെ പരാമർശമാണ് വിവാദത്തിലായത്.

കേരളാ സ്റ്റോറി വെറും സിനിമയല്ല. വലിയ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരുന്ന സിനിമയാണ്. സിനിമയെ എതിർക്കുന്നവർ ഐഎസിനെയും പോപ്പുലർ ഫ്രണ്ടിനെയും പിന്തുണക്കുന്നവരാണ്. പെണ്‍കുട്ടികളെ ഭീകരതയിലേക്ക് ആകർഷിക്കുന്നതെങ്ങനെയാണെന്ന് ചിത്രം വിവരിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെടുന്നു. ഹരിയാനയിലെ ക്ഷത്രിയ മഹാകുംഭ് പരിപാടിയിൽ വെച്ച് നടത്തിയ പരാമർശമാണ് വിവാദത്തിലായത്.


തെരഞ്ഞെടുപ്പ് വേളയിൽ ചിത്രം രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി . കേരളാ സ്റ്റോറി സിനിമ ഇന്ന് രാത്രി ബെംഗളുരുവിൽ പ്രദർശിപ്പിക്കാനാണ് ബി ജെ പിയുടെ തീരുമാനം. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയടക്കമുള്ളവർ സിനിമ കാണാനെത്തും. സിനിമയുടെ പ്രത്യേക സ്ക്രീനിംഗ് നടത്താനാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്.

ബെംഗളുരു എം ജി റോഡിലെ ഗരുഡ മാളിലെ ഐനോക്സിലാണ് സിനിമയുടെ പ്രദർശനം നടക്കുക. കേരള സ്റ്റോറിയുടെ സ്ക്രീനിംഗ് കാണാൻ പെൺകുട്ടികളെത്തണമെന്ന പ്രത്യേക ക്ഷണവും ബി ജെ പി നൽകിയിട്ടുണ്ട്. രാത്രി എട്ട് നാൽപ്പത്തിയഞ്ചിനാണ് സിനിമ പ്രദർശിപ്പിക്കുക.

എന്നാൽ അതേ സമയം, ദ കേരളാ സ്റ്റോറി സിനിമ തമിഴ്നാട്ടിലെ തിയറ്ററുകളിൽ നിന്നും പിൻവലിച്ചു. തമിഴ്നാട്ടിൽ ചെന്നൈയിൽ 13 തീയറ്ററുകളിലും കോയമ്പത്തൂരിൽ മൂന്ന് തീയറ്ററുകളിലുമായി പതിനാറ് തീയറ്ററുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി  സിനിമക്ക് നേരെ തുടരുന്ന പ്രതിഷേധം കണക്കിലെടുത്ത് തീയറ്ററുകളുടെ സുരക്ഷാ മുൻ നിർത്തിയാണ് സിനിമ പിൻവലിക്കുന്നത് എന്ന് തീയറ്റർ ഓണേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രെട്ടറി ശ്രീധർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week