KeralaNews

ലൈംഗികത്തൊഴിലാളി എന്ന നിലയില്‍ വീട്ടമ്മയെ വിളിച്ചവരും കുടുങ്ങും,നടപടിയാരംഭിച്ച് പോലീസ്

ചങ്ങനാശേരി: ലൈംഗികത്തൊഴിലാളി എന്ന നിലയില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വീട്ടമ്മയുടെ നമ്പര്‍ പ്രചരിപ്പിച്ചത് സാമൂഹിക വിരുദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സാങ്കേതിക സൗകര്യങ്ങള്‍ മറ്റുള്ളവരെ അവഹേളിക്കാനായി ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ സൈ്വര്യ ജീവിതം നശിപ്പിക്കുന്ന പ്രവര്‍ത്തനം അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയായ ജെസി ദേവസ്യയുടെ ഫോണ്‍ നമ്പരാണ് സാമൂഹിക വിരുദ്ധര്‍ പൊതുസ്ഥലങ്ങളിലും പൊതു ശുചിമുറികളിലും എഴുതിവച്ചത്. സൈബര്‍ സെല്ലില്‍ ഉള്‍പ്പെടെ ജെസി പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതേതുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണം വന്ന് മിനിറ്റുകള്‍ക്കകം ചങ്ങനാശേരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അന്വേഷണത്തില്‍ 44 പേര്‍ ജെസിയെ വിളിച്ചതായി പോലീസ് കണ്ടെത്തി. 24 ഫോണ്‍ നമ്പറുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും അതില്‍ 20 പേരെ പോലീസ് വിളിച്ചുവെന്നും ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍ അറിയിച്ചു. പലര്‍ക്കും സംഭവം ഓര്‍മയില്ലെന്നാണ് പൊലീസിനോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ കുറ്റക്കാരെ കണ്ടുപിടിക്കുകയും വേണ്ട നടപടികള്‍ ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button