കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കര്‍. ആരാധകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ ബിന്ദു പണിക്കര്‍ അവതരിപ്പിച്ചിട്ടുണ്ട്. കോമഡിയിലൂടെയാണ് താരമായതെങ്കിലും ക്യാരക്ടര്‍ റോളുകളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ ബിന്ദു പണിക്കര്‍ക്ക് സാധിച്ചിട്ടുണ്ട്. ഈയ്യടുത്തിറങ്ങിയ റോഷാക്കിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബിന്ദു പണിക്കര്‍.
ബിന്ദു പണിക്കരുടെ കരിയറിലെ ഏറ്റവും ശക്തമായ വേഷങ്ങളിലൊന്നായിരുന്നു സൂത്രധാരനിലേത്. ലോഹിതദാസ് ഒരുക്കിയ സിനിമയില്‍ ദേവുമ്മ എന്ന കഥാപാത്രത്തെയാണ് ബിന്ദു പണിക്കര്‍ അവതരിപ്പിച്ചത്. അതുവരെ കണ്ട ബിന്ദു പണിക്കരേ ആയിരുന്നില്ല ചിത്രത്തിലേത്. ഈ കഥാപാത്രത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ബിന്ദു പണിക്കരിപ്പോള്‍.
ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടിയിരുന്നല്ലോ എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കുന്നത്. ക്യാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിന്ദു പണിക്കര്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ആ സിനിമയില്‍ എനിക്ക് അവാര്‍ഡ് കിട്ടിയെന്നത് ഒരു തെറ്റിദ്ധാരണയാണ്. എനിക്കതിന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടില്ല. വിക്കിപീഡിയലടക്കം അങ്ങനെയാണുള്ളത്. കിട്ടിയത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡായിരുന്നുവെന്നാണ് അവർ പറയുന്നത്. അത് തന്നെ തനിക്ക് പ്രഖ്യാപിച്ച ശേഷം മാത്രമാണ് പരിഗണിക്കുന്നതായി പോലും അറിയുമായിരുന്നുള്ളുവെന്നാണ് ബിന്ദു പണിക്കർ പറയുന്നത്. അവസാന നിമിഷം വരെ ഉണ്ടായിരുന്നുവെന്നും പക്ഷെ ഒടുവില്‍ മേക്കപ്പിന്റെ കാരണത്താല്‍ നഷ്ടമായതാണെന്നും ആരൊക്കയോ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ കിട്ടിയിട്ടില്ലെന്നതാണ് വസ്തുതയെന്നാണ് ബിന്ദു പണിക്കര്‍ പറയുന്നത്.
ഇങ്ങനൊരു കഥാപാത്രം വരുന്നുണ്ടെന്ന് ഹനീഫക്ക പറഞ്ഞിരുന്നു. ഒരു ഹിന്ദി പടത്തില്‍ രേഖ ഇതുപോലൊരു കഥാപാത്രം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. പക്ഷെ കൂടുതലൊന്നും പറഞ്ഞിരുന്നില്ല. പിന്നീട് ബ്ലെസിചേട്ടനാണ് വിളിക്കുന്നത്. അന്നെനിക്ക് മകള്‍ ജനിച്ച സമയമായിരുന്നു. ബിന്ദു തടിവച്ചിട്ടുണ്ടോന്ന് ചോദിച്ചു. ഇനി തടി കൂടിയത് കാരണം കഥാപാത്രം പോണ്ടെന്ന് കരുതി, കുഴപ്പമില്ല എന്നൊക്കെ പറഞ്ഞൊപ്പിക്കുകയായിരുന്നു ഞാന്‍. തെങ്കാശിയില്‍ ചെന്നപ്പോള്‍ പത്ത് ദിവസത്തെ ഡിലെ ഉണ്ടായിരുന്നു. ഈ പത്ത് ദിവസത്തിനുള്ളില്‍ ബിന്ദു മാക്‌സിമം തടി വച്ചോളൂവെന്ന് പറഞ്ഞുവെന്നും ബിന്ദു പണിക്കര്‍ ഓര്‍ക്കുന്നു.
ആ കഥാപാത്രം അതുവരെ ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. മേക്കപ്പും വേഷമൊക്കെ ഇട്ട ശേഷം പാട്ട് സീനാണ് ആദ്യം എടുത്തത്. എന്നോട് അവിടെ ഇരുന്നോളൂവെന്ന് മാത്രമാണ് പറഞ്ഞത്. എങ്ങനെയാണ് ഇരിക്കുന്നതൊന്നും പറഞ്ഞിരുന്നില്ല. പക്ഷെ ഇരുന്നപ്പോള്‍ കറക്ടായി. കഥാപാത്രം എന്തായിരുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. അവരെ പോലൊരു സ്ത്രീ സാധാരണ സ്ത്രീകള്‍ ഇരിക്കുന്ന പോലെയായിരിക്കില്ലെന്ന് അറിയാമായിരുന്നുവെന്നാണ് ബിന്ദു പണിക്കർ പറയുന്നത്.
വേഷം എടുക്കണമോ വേണ്ടയോ എന്ന് സംശയമുണ്ടായിരുന്നില്ല. എനിക്കതൊരു വെല്ലുവിളിയായിരുന്നു. നാടന്‍ കഥാപാത്രങ്ങളും കുശുമ്പിയായുമൊക്കെ ചെയ്തിട്ട് ഇതുപോലൊരു കഥാപാത്രം തരുമ്പോള്‍ നമ്മളെക്കൊണ്ട് പറ്റും എന്ന് തെളിയിച്ച് കൊടുക്കണമല്ലോ. ഭയങ്കര ടഫായിരുന്നു. വെറ്റിലയൊക്കെ ചവച്ച് നാവൊക്കെ പൊട്ടും. ആ സമയത്ത് കളറുപയോഗിച്ചാല്‍ പോലെ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷെ സമ്മതിച്ചില്ല. 56 ദിവസമുണ്ടായിരുന്നു ഷൂട്ട്. വായയൊക്കെ പൊട്ടി. രാത്രി വന്ന് എണ്ണയൊക്കെ വായില്‍ കൊള്ളുകയായിരുന്നുവെന്നാണ് താരം ഓർക്കുന്നത്.
ലൊക്കേഷനില്‍ പോലും പലര്‍ക്കും മനസിലായില്ലെന്നും ബിന്ദു പണിക്കർ പറയുന്നുണ്ട്. ഒരു ദിവസം സത്യേട്ടന്‍ ലൊക്കേഷനില്‍ വന്നിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സിനിമ കഴിഞ്ഞാണ് ഇതിലേക്ക് വന്നത്. കണ്ടപ്പോള്‍ ഞാന്‍ നമസ്‌കാരം പറഞ്ഞുവെങ്കിലും സത്യേട്ടന് ആളെ മനസിലായില്ലെന്നും പിന്നീട് ലോഹി സാറാണ് ഞാനാണെന്ന് പറഞ്ഞു കൊടുത്തതെന്നും താരം പറയുന്നു. വീട്ടില്‍ വന്ന ശേഷം ചിലപ്പോള്‍ ഇരിക്കുന്നതൊക്കെ ആ കഥാപാത്രത്തെ പോലെയായിരിക്കുമെന്നും കഥാപാത്രം കുറച്ചു നാള്‍ കൂടെ തന്നെയുണ്ടായിരുന്നുവെന്നും ബിന്ദു പണിക്കര്‍ പറയുന്നു.