തൊടുപുഴ : ഉടുമ്പന്നൂർ മങ്കുഴിയിലെ നവജാതശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിൻറെ ശ്വാസകോശത്തിൽ ജലാംശം കണ്ടെത്തി. ജനിച്ച ഉടൻ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്നും ഇതോടെ സ്ഥിരീകരിച്ചു. അമ്മയ്ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അമിത രക്തസ്രാവത്തെ തുടർന്ന് ഇന്ന് പുലര്‍ച്ചെയാണ് തൃശുർ കൊരട്ടി സ്വദേശിയായ യുവതി, ഭര്‍ത്താവിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തുന്നത്. പരിശോധനയില്‍ പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമെന്ന് മനസിലായതോടെ കുഞ്ഞെവിടെയെന്ന് അധികൃതർ അന്വേഷിച്ചു. 28 വയസുകാരിയായ യുവതി ഇതിനുത്തരം കൃത്യമായി പറയാതെ വന്നതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മങ്കുഴിയിലെ വീട്ടിലെ ബാത്ത് റൂമിൽ കുട്ടിയുടെ മൃതദേഹമുണ്ടെന്ന് മറുപടി നൽകിയത് പ്രസവിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. കൊലപാതകമെന്ന നിഗമനത്തിൽ തന്നെയായിരുന്നു പൊലീസ്.
യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് ഭര്‍ത്താവ് പൊലീസിനെ അറിയിച്ചത്. ഇരുവരും തമ്മിൽ കുറേ കാലമായി അകന്നുകഴിയുകയായിരുന്നു. കുറച്ച് നാളുകൾ മുമ്പാണ് ഇരുവരും വീണ്ടും യോജിപ്പിലെത്തിയതെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഭർത്താവിന്റെ മൊഴി വിശ്വസിക്കാനാണ് പൊലീസ് തീരുമാനം.
അതേ സമയം, അയൽ വാസികളും യുവതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ല. ഗർഭിണിയാണെന്ന വിവരം ഇവർ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാർ അറിയിച്ചത്.സംശയത്തെ തുടർന്ന് പ്രദേശത്തെ ആശാ വർക്കർ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാൽ താൻ ഗർഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്നും പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ പരിശോധന നടത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.