കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളില്‍ നടത്തുന്ന റോഡ് ഷോയില്‍ ചരിത്ര നേട്ടമായി വന്‍ ജനപങ്കാളിത്തം. ഇത്തരമൊരു ജനക്കൂട്ടത്തെ താന്‍ ആദ്യമായാണ് കാണുന്നതെന്ന് ബോള്‍പൂരില്‍ നടന്ന പൊതുയോഗത്തില്‍ അമിത് ഷാ പറഞ്ഞു.
മമത ബാനര്‍ജിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തുകൊല്ലപ്പെട്ടത് 300 ബിജെപി പ്രവര്‍ത്തകരാണെന്നും ബിജെപിയെ ഭയപ്പെടുത്താന്‍ മമതയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭോലാപ്പൂരിലെ വലിയ ജനക്കൂട്ടത്തിന് അമിത് ഷാ നന്ദി അറിയിക്കുകയും ചെയ്തു.
‘ഇത് നരേന്ദ്ര മോദിയോടുള്ള സ്‌നേഹവും വിശ്വാസവുമാണ്. നിരവധി റോഡ് ഷോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പലതും ചെയ്തിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഈ അടുത്ത വര്‍ഷങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇത് മോദിയോടുള്ള നിങ്ങളുടെ സ്‌നേഹവും ദീദിയോടുള്ള നിങ്ങളുടെ ക്ഷോഭവുമാണ് പ്രതിഫലിപ്പിക്കുന്നത്’ അമിത് ഷാ പറഞ്ഞു.
ബംഗാളിന്റെ നേട്ടം ആഗ്രഹിക്കുന്നവര്‍ ബിജെപിയിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, നുഴഞ്ഞുകയറ്റവും അഴിമതിയും അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ഒരു തവണ മോദിക്ക് അവസരം നല്‍കൂ, അഞ്ചു വര്‍ഷം കൊണ്ട് സുവര്‍ണ്ണ ബംഗാള്‍ സൃഷ്ടിച്ച് തരാമെന്നും അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത്ഷാ ബംഗാളിലെത്തിയത്.
മമതയെ തോല്‍പ്പിക്കാനാണ് ഇത്തവണ ബംഗാളിലെ ജനതയുടെ തീരുമാനം. ഇക്കുറി താമരയുടെ സമയമാണ്. മമതബാനര്‍ജി യുദ്ധത്തിന് തയ്യാറായിക്കൊള്ളു. ജനം മാറ്റത്തിനായും ബംഗാളിന്റെ വികസനത്തിനായും കാത്തിരിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യവുമായാണ് അമിത്ഷാ സന്ദര്‍ശനത്തിനെത്തിയത്. ഇനിമുതല്‍ എല്ലാ മാസവും അമിത് ഷാ ബംഗാളിലെത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.