കണ്ണൂര്‍ : കോടതിയിൽ നിന്നും ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് കാഞ്ഞങ്ങാട് പെരിയാട്ടടുക്കം റിയാസിനെ ദിവസങ്ങൾക്ക് ശേഷം ഭാര്യവീട്ടിൽ നിന്നും പൊക്കി പൊലീസ്. കഴിഞ്ഞ മാസം 22 നാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കോടതി നടപടികൾക്കിടെയാണ് ഇയാൾ ചാടിപ്പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിൽ ഇന്ന് പുലർച്ചെയാണ് മട്ടന്നൂർ മാലൂരിലെ ഭാര്യാ വീട്ടിൽ നിന്ന് പയ്യന്നൂർ പൊലീസ് ഇയാളെ പിടികൂടിയത്. പ്രതി വീടിനുള്ളിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് സംഘം വീട് വളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്.
2008 ൽ മണ്ടൂരിൽ നടന്ന ഒരു വാഹനമോഷണശ്രമക്കേസിൽ പഴയങ്ങാടി പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രതിയാണ് റിയാസ്. ഈ കേസിൽ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് ഇയാൾ കഴിഞ്ഞ ദിവസമെത്തി കോടതിയിൽ കീഴടങ്ങിയതായിരുന്നു. എന്നാൽ കേസ് വിളിച്ച് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ പൊടുന്നനെ പ്രതി കോടതി മുറിയിയിൽ നിന്നും എല്ലാവരെയും കബളിപ്പിച്ച് ഇറങ്ങിയോടുകയായിരുന്നു. നിരവധി കവർച്ചാ കേസിൽ പ്രതിയായ ഇയാളെ റിമാൻ്റ് ചെയ്യുമെന്ന് ഉറപ്പായതിനാലാണ് ഓടി രക്ഷപ്പെട്ടതാണെന്നാണ് വിവരം.
തുടർന്ന് പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും റിയാസിനെ കണ്ടെത്താനായില്ല. മജിസ്ട്രേറ്റിൻ്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമായി നടക്കുന്നതിനിടയിലാണ് ഇയാൾ മട്ടന്നൂർ മാലൂരിലുള്ള ഭാര്യവീട്ടിൽ എത്താറുണ്ടെന്ന വിവരം ലഭിച്ചത്. ഇതേ തുടർന്ന് പയ്യന്നൂർ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രൻ്റെ നിർദ്ദേശപ്രകാരം പയ്യന്നൂർ ഇൻസ്പെക്ടർ മഹേഷ് കെ.നായർ, എസ്.ഐ.പി. വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ മാലൂരിലെ ഭാര്യവീട് നിരീക്ഷണത്തിലാക്കിയിരുന്നു. കവർച്ച, വാഹനമോഷണം, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് പെരിയാട്ടടുക്കം റിയാസ്.