കൊച്ചി:സിനിമാ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് പായൽ ഘോഷ്. തെലുങ്ക്, ഹിന്ദി സിനിമകളിലാണ് നടി സജീവമായത്. പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ട പായൽ ഘോഷ് ബോളിവുഡിൽ മീടൂ ആരോപണങ്ങൾ ശക്തമായ ഘട്ടത്തിലാണ് വാർത്താ പ്രാധാന്യം നേടുന്നത്. സംവിധായകൻ അനുരാഗ് കശ്യപ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണവുമായി പായൽ രംഗത്ത് വന്നു. ആരോപണം വലിയ കോളിളക്കം സൃഷ്ടിച്ചു.
പായലിന്റെ ആരോപണം വ്യാജമാണെന്ന് വാദിച്ച അനുരാഗ് കശ്യപ് കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങളുടെ പ്രതികാരമാണിതെന്നും തുറന്നടിച്ചു. എന്നാൽ തന്റെ പരാതിയിൽ നിന്ന് പിന്മാറാൻ പായൽ തയ്യാറായില്ല. ആരോപണങ്ങളിലേക്ക് നടി റിച്ച ചദ്ദയുടെ പേരും പായൽ വലിച്ചിഴച്ചു. ഇതിനെതിരെ റിച്ച മാനനഷ്ടക്കേസ് നൽകിയതോടെ പായൽ ഘോഷ് നടിയോട് മാപ്പ് പറയുകയും ചെയ്തു. 2020 ലാണ് ഈ സംഭവ വികാസങ്ങൾ നടന്നത്. ഇന്നും ബോളിവുഡ് ഇൻഡസ്ട്രിയോട് ഒരു അകൽച്ച പായൽ ഘോഷിനുണ്ട്.
ഇപ്പോഴിതാ ബോളിവുഡിനെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് പായൽ ഘോഷ്. ബോളിവുഡിൽ നടിമാരെക്കുറിച്ചുള്ള മനോഭാവത്തിനെതിരെയാണ് നടി പ്രതികരിച്ചത്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ താൻ തുടക്കം കുറിച്ചതിൽ ദൈവത്തോട് നന്ദിയുണ്ട്. ബോളിവുഡിലായിരുന്നു തന്റെ അരങ്ങേറ്റമെങ്കിൽ വസ്ത്രങ്ങൾ അഴിച്ച് എന്നെയവർ സമ്മാനിച്ചേനെ. കാരണം ക്രിയേറ്റിവിറ്റിയേക്കാൾ സ്ത്രീ ശരീരമാണ് ബോളിവുഡ് ഉപയോഗിക്കുന്നതെന്ന് പായൽ ഘോഷ് സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ചു.
കഴിഞ്ഞ ദിവസവും സമാന ആരോപണം പായൽ ഘോഷിന്റെ ഭാഗത്ത് നിന്നുണ്ടായി. അവസരം ലഭിക്കണമെങ്കിൽ നടിമാർ കിടക്ക പങ്കിടേണ്ട സാഹചര്യമാണെന്ന് പായൽ ഘോഷ് ആരോപിച്ചു. ‘ഫയർ ഓഫ് ലൗ: റെഡ്’ എന്ന ചിത്രം എന്റെ പതിനൊന്നാമത്തെ സിനിമയാണ്. ഞാൻ ആരുടെയെങ്കിലും കൂടെ കിടന്നിരുന്നെങ്കിൽ ഇത് എന്റെ മുപ്പതാമത്തെ സിനിമയായേനെയെന്നും പായൽ ഘോഷ് തുറന്നടിച്ചു.
പായൽ ഘോഷിന്റെ പ്രസ്താവനയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നു. ജനശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് പായൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നാണ് വിമർശകരുടെ വാദം. ബോളിവുഡിന്റെ പ്രതിഛായ ഇല്ലാതാക്കാൻ നടി ഏറെക്കാലമായി ശ്രമിക്കുന്നെന്നും കുറ്റപ്പെടുത്തലുകൾ വന്നു. തെന്നിന്ത്യൻ സിനിമാ ലോകത്തെ സ്ത്രീവിരുദ്ധതയും ഇവർ ചൂണ്ടിക്കാട്ടി. അതേസമയം സിനിമാ രംഗത്തെ സ്ത്രീ സുരക്ഷയുടെ യാഥാർത്ഥ്യമാണിതെന്ന വാദവുമായി പായൽ ഘോഷിനെ അനുകൂലിച്ചവരും രംഗത്ത് വന്നു.
പായൽ ഘോഷിന് പുറമെ നടി തനുശ്രീ ദത്തയുടെ നേരത്തെ മീടു ആരോപണവും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നടൻ നാന പട്നേക്കർ ‘ഓക്കെ പ്ലീസ്’ എന്ന സിനിമയുടെ സമയത്ത് ലൈംഗികമായി ആക്രമിച്ചു എന്നായിരുന്നു തനുശ്രീയുടെ ആരോപണം. നടനെതിരെ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
മീ ടൂ ആരോപണങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കെ തന്റെ അനുഭവവും തനുശ്രീ തുറന്ന് പറഞ്ഞു. ഇതോടെ വിവാദം അലയടിച്ചു. ഏറെനാൾ ഇതുമായി ബന്ധപ്പെട്ട വിവാദം നീണ്ടു നിന്നു. ഇപ്പോഴും സമാന ആരോപണങ്ങളും പരാതികളും സിനിമാ ലോകത്ത് നിന്നും വരുന്നുണ്ട്.