FeaturedNationalNews

രാജ്യത്തെ ആരോഗ്യരംഗം കടുത്ത സമ്മര്‍ദ്ദത്തില്‍,കൊവിഡ്‌ കേസുകൾ ഉയരാൻ കാരണങ്ങള്‍ വെളിപ്പെടുത്തി എയിംസ് ഡയറക്ടർ,വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാനങ്ങള്‍ രംഗത്ത്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാനുള്ള പ്രധാന കാരണങ്ങൾ വെളിപ്പെടുത്തി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. പ്രധാനമായും രണ്ട് കാരണങ്ങളാണ് രോഗവ്യാപനം രൂക്ഷമായതിന് പിന്നിലെന്നും അതിതീവ്ര രോഗ വ്യാപനം രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി, ഫെബ്രുവരി മാസത്തോടെ രാജ്യത്ത് വാക്‌സിനേഷൻ ആരംഭിച്ചു. ഇതിനോടൊപ്പം കോവിഡ് കേസുകൾ കുറയുകയും ചെയ്തു. വാക്‌സിൻ എത്തുകയും രോഗ്യവ്യാപനം കുറയുകയും ചെയ്തതോടെ ജനങ്ങൾ ജാഗ്രത പാലിക്കുന്നതിൽ അലംഭാവം കാട്ടി. പിന്നീട് കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും രോഗ വ്യാപനം അതിവേഗത്തിലാകുകയും ചെയ്തുവെന്ന് രൺദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി.

രോഗവ്യാപനം ആരോഗ്യ രംഗത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തകയാണെന്ന് എയിംസ് ഡയറക്ടർ പറഞ്ഞു. മെഡിക്കൽ ഓക്‌സിജനും വാക്‌സിൻ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രത്തെ സമീപിച്ചത് ഇതിന് തെളിവാണ്.ഈ സാഹചര്യത്തിൽ ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും ഉടൻ വർധിപ്പിക്കേണ്ടതുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന . കഴിഞ്ഞ 24 മണിക്കൂറിനിടെ 24000 പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 23.36 ശതമാനമായി ഉയർന്നിരിക്കുന്നു. രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിക്കുകയുണ്ടായി.

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വാക്സിൻ പ്രതിസന്ധിയും ഓക്സിജൻ ക്ഷാമവും യോഗത്തിൽ ചർച്ച ചെയ്യുന്നതാണ്.യുപി, ഗുജറാത്ത്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായി. വെന്റിലേറ്ററിനും ഓക്സിജനും കടുത്ത ക്ഷാമമാണ് ഗുജറാത്ത് അടക്കമുള്ളസംസ്ഥാനങ്ങൾ നേരിടുന്നത്.

അതിനിടെ കൊവിഡ് വാക്‌സീന്റെ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്രനയം മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങളും പ്രതിപക്ഷവും രംഗത്തെത്തി. രാജ്യത്ത് വാക്‌സീന്‍ ലഭ്യത ഉറപ്പ് വരുത്താതെ വിദേശ കയറ്റുമതി നടത്തുന്നതിനെതിരെയാണ് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയത്.

രണ്ട് മെയിഡ് ഇന്‍ ഇന്ത്യ വാക്‌സീന്‍ എന്ന് നിരന്തരം അവകാശപ്പെട്ടിരുന്ന സര്‍ക്കാര്‍ ഇപ്പോഴത്തെ ഗുരുതര സാഹചര്യത്തില്‍ പകച്ചു നില്‍ക്കുകയാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ രണ്ട് സ്വകാര്യ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന വാക്്‌സീനുകളുടെ വിതരണ അവകാശം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനു മാത്രമാണ്. ഇതുവരെ തയ്യാറാക്കിയത് 12 കോടി കൊവിഷീല്‍ഡ് വാക്‌സീന്‍ ഡോസുകളും രണ്ടു കോടിയില്‍ താഴെ കൊവാക്‌സിനുമാണ്. ഇതില്‍ ആറര കോടി ഡോസുകള്‍ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കു നല്കി.

ഇന്ത്യയില്‍ ആവശ്യത്തിന് ഉത്പാദനം ഉറപ്പിക്കാതെ എന്തിന് മറ്റു രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ നല്കി എന്ന ചോദ്യമാണ് പ്രതിപക്ഷവും മറ്റ് സംസ്ഥാനങ്ങളും ഉയര്‍ത്തുന്നത്. വിദേശ വാക്‌സീനുകള്‍ വാങ്ങാന്‍ ആദ്യം മടികാണിച്ച സര്‍ക്കാര്‍ ഇപ്പോള്‍ റഷ്യന്‍ വാക്‌സീന് അടിയന്തര അനുമതി നല്കി നയം മാറ്റുകയാണ്.

സ്വകാര്യകമ്പനികളുടെ മരുന്നിന്റെ വിതരണാവകാശം കേന്ദ്രം എന്തിന് കൈയ്യില്‍ വയ്ക്കണമെന്ന് ചോദിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പ്രധാനമന്ത്രിക്ക് കത്തു നല്കി. പൊതു വിപണയില്‍ ലഭ്യമാക്കിയാല്‍ കൂടുതല്‍ പേരിലേക്ക് വാക്‌സീന്‍ എത്തുമെന്നും നവീന്‍ പട്‌നായിക്ക് ചൂണ്ടിക്കാട്ടി.

കയറ്റുമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി 25 വയസ്സിനു മുകളിലുള്ളവര്‍ക്കാകെ വാക്‌സീന്‍ നല്‍കണം എന്ന നിര്‍ദ്ദേശവും വച്ചു. അമേരിക്കയില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ തന്ത്രപ്രധാന പങ്കാളി എന്ന് ഊറ്റം കൊള്ളുന്ന സര്‍ക്കാരിനാവുന്നില്ലേ എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ചോദിച്ചു. ഒന്നര കോടി ഡോസ് സംസ്ഥാനങ്ങളിലുണ്ടെന്നും വാക്‌സീന്‍ പ്രതിസന്ധിയില്ലെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ വിശദീകരണം. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്കി കൊവാക്‌സിന്‍ ഉത്പാദനം ആറു മാസത്തില്‍ പത്തിരട്ടിയാക്കാന്‍ കേന്ദ്രം ഇന്നലെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത്രവലിയ പ്രതിസന്ധി വരുന്നത് വരെ സര്‍ക്കാര്‍ എന്തിന് കാത്തിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button