എറണാകുളം: പ്രവാസികളെത്തുന്നതോടെ കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുകയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ. ഇതിന്റെ ഭാഗമായി ഹൈബി ഈഡൻ എം.പിയുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ച് വാങ്ങിയ യാത്രക്കാരുടെ താപനില അളക്കുന്നതിനായുള്ള തെർമൽ ടെമ്പറേച്ചർ സ്ക്രീനിംഗ് സിസ്റ്റം ജില്ലാ ഭരണകൂടത്തിന് കൈമാറി.
ക്യാമറയും സെൻസറും എൽ.ഇ.ഡി ഡിസ്‌പ്ളേയും ഉൾപ്പെടുന്ന സംവിധാനം യാത്രക്കാർ കടന്ന് വരുന്ന വാതിലിന് സമീപത്തായി സ്ഥാപിക്കും. ഇതിൽ ഒരോ വ്യക്തിയുടെയും ഫോട്ടോ പതിയുകയും കൈത്തണ്ട സെൻസറിനടുത്ത് കാണിക്കുമ്പോൾ കൃത്യമായ ശരീര ഊഷ്മാവ് രേഖപ്പെടുത്തുകയും ചെയ്യും. വ്യക്തികൾ തമ്മിലുള്ള യാതൊരു വിധത്തിലുള്ള ബന്ധപ്പെടലുകളും ഇത്തരത്തിൽ താപനില അളക്കുന്നതിന് ഉണ്ടാവുകയില്ല. സാധാരണയിൽ കൂടുതൽ താപനില ഉള്ളവർ വരുമ്പോൾ മുന്നറിയിപ്പ് ശബ്ദം ലഭിക്കും.
ജില്ലാ കളക്ടർ എസ്. സുഹാസ് എം.പിയിൽ നിന്നും ടെമ്പറേച്ചർ സ്ക്രീനിംഗ് സിസ്റ്റം ഏറ്റുവാങ്ങി. ഒരു ലക്ഷത്തി പതിനായിരം രൂപ ചെലവ് വരുന്നതാണ് ഈ ഉപകരണം. നിലവിൽ അഞ്ച് ടെമ്പറേച്ചർ സ്ക്രീനിംഗ് സിസ്റ്റമാണ് എം.പി ഫണ്ടിൽ നിന്നും വാങ്ങുന്നത്. വിമാനത്താവളം, തുറമുഖം, ആശുപത്രികൾ എന്നിവിടങ്ങളിൽ ഇവ ഉപയോഗിക്കുമെന്ന് എം.പി പറഞ്ഞു.
കൊച്ചിയിലെ കാമിയൊ ഓട്ടോമേഷൻസാണ് ഈ സംവിധാനം വിദേശത്തു നിന്നുമെത്തിച്ചത്.