28.9 C
Kottayam
Friday, May 17, 2024

കുരുതിക്കളമായി കുവൈറ്റിലെ റോഡുകള്‍; അഞ്ച് മാസത്തിനിടെ 29,000 ട്രാഫിക് അപകടങ്ങള്‍

Must read

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടങ്ങളില്‍ ഈയിടെയായി വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കുവൈറ്റ് ട്രാഫിക് വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യമുള്ളത്. ഓരോ മണിക്കൂറിലും ശരാശരി എട്ട് വാഹനാപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ട്രാഫിക് അപകടവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്യുന്ന മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണത്തിലും വലിയ വര്‍ധവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഡ്രൈവിംഗിലുള്ള അശ്രദ്ധയാണ് റോഡ് അപകടങ്ങള്‍ക്കു പിന്നിലെ കാരണങ്ങളില്‍ ഏറ്റവും പ്രധാനമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ തന്നെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിംഗാണ് പ്രധാന വില്ലന്‍. ഈ വര്‍ഷം ആദ്യ അഞ്ചുമാസങ്ങളില്‍ ഏകദേശം 29,000 റോഡ് അപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

സ്വദേശികളും വിദേശികളും ഉള്‍പ്പടെ 135 പേര്‍ അപകടങ്ങളില്‍ മരിച്ചതായും പ്രാദേശിക മാധ്യമമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസം ശരാശരി 27 ജീവനുകളാണ് റോഡില്‍ പൊലിയുന്നത്. സ്ഥിതിവിവരക്കണക്കുകള്‍ ഓരോ മാസവും ശരാശരി 5,800 ട്രാഫിക് അപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടന്നത്. അതായത് ഒരു ദിവസം ഏകദേശം 193 അപകടങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

അശ്രദ്ധമായ ഡ്രൈവിംഗിനു പുറമെ, നിയമലംഘനങ്ങള്‍, അമിത വേഗത, റെഡ് ലൈറ്റ് ക്രോസിംഗുകള്‍ എന്നിവയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നതും റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഒരു സംയോജിത പദ്ധതി അടിയന്തരമായി നടപ്പാക്കേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

ട്രാഫിക് നിയമ ലംഘനങ്ങളുടെ ഗൗരവം, അമിത വേഗത, ചുവപ്പ് ലൈറ്റ് ക്രോസിംഗ്, പലപ്പോഴും ജീവന്‍ നഷ്ടപ്പെടുന്നതിനോ ഗുരുതരമായ പരിക്കുകളിലേക്കോ കാരണമാകുന്ന മറ്റ് ഘടകങ്ങള്‍ എന്നിവ ഫലപ്രദമായി തടയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ഗതാഗത നിയമങ്ങളില്‍ ഭേദഗതി വരുത്താനും നിയമ ലംഘനങ്ങള്‍ക്ക് കടുത്ത പിഴകള്‍ ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഡ്രൈവിംഗാണ് പലപ്പോഴും ഗുരുതരമായ അപകടങ്ങള്‍ ക്ഷണച്ചുവരുത്തുന്നത്. ഇത് പലപ്പോഴും റെഡ് ലൈറ്റുകള്‍ ക്രോസ് ചെയ്യുന്നതിലും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നതില്‍ കലാശിക്കുകയും ചെയ്യുന്നു.

അപകടങ്ങളുടെ ആറ് പ്രധാന കാരണങ്ങള്‍ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനമോടിക്കുമ്പോഴുള്ള അശ്രദ്ധ, മൊബൈല്‍ ഫോണ്‍ ഉപയോഗം, തെറ്റായ ഓവര്‍ടേക്കിംഗ്, വാഹനം പരിപാലിക്കുന്നതിലെ വീഴ്ച, അശ്രദ്ധയും അമിതവേഗതയും, കുഴികളും കേടുപാടുകളും നിറഞ്ഞ അപകടകരമായ റോഡുകള്‍ എന്നിവയാണ് കണ്ടെത്തിയിരിക്കുന്ന പ്രധാന കാരണങ്ങള്‍. കുവൈത്തില്‍ 2.4 ദശലക്ഷത്തിലധികം കാറുകളുണ്ടെന്നും 2022 അവസാനത്തോടെ 1.6 ദശലക്ഷത്തിലധികം പേര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകളുണ്ടെന്നും ട്രാഫിക് അധികൃതര്‍ സൂചിപ്പിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week