ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ജെ ഡി എസ് എം പി പ്രജ്വൽ രേവണ്ണയിൽ നിന്ന് രണ്ട് ഫോണുകൾ പിടിച്ചെടുത്തു. എന്നാൽ ഈ രണ്ട് ഫോണുകളിൽ നിന്നുമല്ല പീഡന ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ടുകൾ. ദൃശ്യങ്ങൾ പകർത്തിയ ഫോൺ നശിപ്പിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഫോൺ നശിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞാൽ തെളിവ് നശിപ്പിച്ചെന്ന കുറ്റവും പ്രജ്വലിനെതിരെ ചുമത്തും. പ്രജ്വലിന്റെ പാസ്‌പോർട്ട് അടക്കമുള്ള എല്ലാ യാത്രാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രജ്വലിനെ കോടതിയിൽ ഹാജരാക്കും.
പ്രജ്വലിന്റെ ജാമ്യ ഹർജിയും കോടതി ഇന്ന് പരിഗണിച്ചേക്കും. ജർമ്മനിയിലെ മ്യൂണിക്കിൽ നിന്ന് ബംഗളുരു കെമ്പഗൗഡ വിമാനത്താവളത്തിലെത്തിയ പ്രജ്വൽ രേവണ്ണയെ ഇന്നലെ അർദ്ധരാത്രിയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത മുൻനിറുത്തി വൻപൊലീസ് സന്നാഹം വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്നു. ഇതിനുമുമ്പ് പ്രത്യേക അന്വേഷണസംഘവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
31ന് ബംഗളൂരുവിലെത്തി കീഴടങ്ങുമെന്ന് പറഞ്ഞുകൊണ്ട് നേരത്തെ പ്രജ്വൽ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഡിയോ അയച്ചിരുന്നു. ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് റദ്ദാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കത്തിന് പിന്നാലെയായിരുന്നു തീരുമാനം.
മാതാപിതാക്കളോട് പറയാതെ വിദേശത്തേക്ക് പോയതിന് മാപ്പ് ചോദിക്കുന്നുവെന്നും പ്രജ്വൽ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു. തനിക്ക് വിഷാദരോഗം ബാധിച്ചിട്ടുണ്ട്. വിദേശയാത്ര മുൻകൂട്ടി തീരുമാനിച്ചിരുന്നു. ജർമനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് തനിക്കെതിരെ കേസെടുത്തെന്ന് അറിയുന്നത്. അതോടെയാണ് ഏഴ് ദിവസം ഹാജരാകാൻ സമയം ചോദിച്ചതെന്നും വീഡിയോയിൽ വിശദീകരിച്ചിരുന്നു.
ലൈംഗികാതിക്രമങ്ങളുടെ വീഡിയോകൾ വൻ വിവാദമായതോടെ പ്രജ്വൽ ജർമ്മനിയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചിരുന്നു. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കേസ് അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ചു.
34 ദിവസത്തിനുശേഷമാണ് പ്രജ്വൽ തിരിച്ചെത്തിയത്. ഏപ്രിൽ 27 മുതൽ ഒളിവിൽ കഴിയുന്ന പ്രജ്വലിനെതിരെ സംസ്ഥാന സർക്കാരും, മുൻ പ്രധാനമന്ത്രിയും, പ്രജ്വലിന്റെ മുത്തച്ഛനുമായ എച്ച്.ഡി. ദേവഗൗഡയും മുന്നോട്ട് വന്നിരുന്നു.പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി തുടങ്ങിയെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. ഇതിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. 10 ദിവസത്തിനകം വിശദീകരണം നൽകണം.