പട്ടാളക്കാരന്റെ വീടാണെന്ന് അറിയാതെ മോഷ്ടിക്കാന്‍ കയറി; ‘രാജ്യസ്‌നേഹ’മുള്ള മോഷ്ടാവ് മില്‍ട്രി ക്വാട്ടയില്‍ നിന്ന് ഒരു പെഗ് അടിച്ച് ക്ഷമ പറഞ്ഞ് മടങ്ങി!
കൊച്ചി: മോഷ്ടാവൊക്കെ തന്നെയാണ്, പക്ഷെ രാജ്യസ്നേഹത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. കൊച്ചിയിലാണ് മോഷ്ടാവിന്റെ രാജ്യസ്‌നേഹം തെളിയിക്കുന്ന ഒരു മോഷണം അരങ്ങേറിയത്. നിരനിരയായി അഞ്ചോളം കടകളില്‍ മോഷണം നടത്തിയിട്ടും കാര്യമായി കൈയ്യിലൊന്നും തടയാത്തതിനാലാണ് മോഷ്ടാക്കള്‍ സമീപത്തെ വീട്ടില്‍ കയറാന്‍ തീരുമാനിച്ചത്. വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറിയ സംഘത്തിന് പക്ഷേ അവിടെയും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് സാധനങ്ങളെല്ലാം വാരി വലിച്ചിട്ട് തിരഞ്ഞപ്പോഴാണ് ഭിത്തിയിലെ ആണിയില്‍ തൂക്കിയിട്ടിരിക്കുന്ന സൈനിക തൊപ്പി കണ്ടത്. മോഷണത്തിനിറങ്ങിയവരുടെ മനസില്‍ അതോടെ രാജ്യസ്നേഹത്തിന്റെ വികാരമുണര്‍ന്നു. രാജ്യം കാക്കുന്ന സൈനികന്റെ വീട്ടില്‍ മോഷണം നടത്തിയതില്‍ മനസ്താപമുണ്ടാവുകയും ചെയ്തു. തിരുവാങ്കുളം പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമമുണ്ടായത്. മുന്‍ സൈനികനായ ഇദ്ദേഹം വിദേശത്താണിപ്പോള്‍.
ഇതിനിടയില്‍ പട്ടാളക്കാരന് കിട്ടിയ ക്വാട്ടയില്‍ കണ്ണുടുക്കിയ മോഷ്ടാവ് ഒരു പെഗ് അടിച്ചശേഷം ഭിത്തിയില്‍ ക്ഷമാപണ കുറിപ്പുമെഴുതി സ്ഥലം കാലിയാക്കി. ബൈബിളിലെ ഏഴാമത്തെ കല്‍പന ഞാന്‍ ലംഘിച്ചു. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാന നിമിഷമാണ് മനസിലായത്, തൊപ്പി കണ്ടപ്പോള്‍. ഓഫിസര്‍ ക്ഷമിക്കണം. പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പൂട്ടു പൊളിച്ച് അകത്തു കയറില്ലായിരുന്നു.’ ഇങ്ങനെ പോകുന്നു മോഷ്ടാവിന്റെ ക്ഷമാപണം.
പക്ഷേ പട്ടാളക്കാരന്റെ വീട്ടില്‍ കാണിച്ച സ്നേഹമൊന്നും മറ്റ് മോഷണസ്ഥലങ്ങളില്‍ സംഘം കാട്ടിയിരുന്നില്ല. അഞ്ചോളം വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ സംഘം തെളിവുകള്‍ നശിപ്പിക്കുവാനും ബോധപൂര്‍വം ശ്രമം നടത്തുകയുണ്ടായി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.