തിരുവനന്തപുരം: സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍. തീയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് അടുത്ത ഘട്ടത്തില്‍ പരിഗണിക്കും. സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കിയപ്പോള്‍ ഉയരുന്ന ആവശ്യമാണ് തീയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന്.
തീയേറ്റര്‍ ഉടമകളുടെ സംഘടന ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പിന്റെയും, ഐഎംഎയുടെയും നിര്‍ദേശം കണക്കിലെടുത്ത് കൊണ്ട് എ.സി ഹാളുകള്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമായതിനാല്‍ ഇത് രോഗവ്യാപനത്തിനിടയാക്കും എന്നതാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവുണ്ടാകുന്നു അതുകൊണ്ടുതന്നെ തീയേറ്ററുകള്‍ തുറക്കാനുള്ള അനുകൂല സാഹചര്യമാണുള്ളത്. തീയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.
തീയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായം നല്‍കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം സര്‍ക്കാരിന്റെ അന്തിമ പരിഗണനയില്‍ ആണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം 2021 ജനുവരിയാലാണ് പിന്നീട് തീയേറ്ററുകള്‍ തുറന്നത്. ദീര്‍ഘനാള്‍ തീയേറ്ററുകള്‍ അടച്ചിടുന്നത് ഗുണപ്രദമാകില്ലെന്ന പൊതുവികാരം കണക്കിലെടുത്തായിരുന്നു അന്ന് തീരുമാനമെടുത്തത്.
ഇനി തീയേറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചാല്‍ തന്നെ എന്ന് പ്രദര്‍ശനം തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തതയില്ല. ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാല്‍ മാത്രമേ തീയേറ്ററുകള്‍ പ്രദര്‍ശന സജ്ജമാകൂ. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിച്ചായിരിക്കും തീയേറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുക.
തീയേറ്ററുകളില്‍ ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം പാടുള്ളുവെന്നതായിരുന്നു ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. രാവിലെ 9 മുതല്‍ രാത്രി ഒന്‍പതുവരെ മാത്രമായിരുന്നു പ്രവര്‍ത്തന സമയം. മള്‍ട്ടി പ്ലക്സ് തീയേറ്ററുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളില്‍ പ്രദര്‍ശനം നടത്താനും നിര്‍ദേശം നല്‍കിയിരുന്നു.
സീറ്റുകളുടെ 50 ശതമാനം പേരെയേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. കൊവിഡ് ലക്ഷണങ്ങളുള്ളവരെ ഒരിക്കലും സിനിമ ഹാളില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ആവശ്യമായ മുന്‍കരുതലുകള്‍ തീയേറ്റര്‍ അധികൃതര്‍ എടുക്കണം തുടങ്ങിയവയായിരുന്നു അന്ന് നല്‍കിയ നിര്‍ദേശങ്ങള്‍.