ബ്യൂണസ് ഐറിസ്: ബോധംനഷ്ടപ്പെട്ട് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിനും ഓടുന്ന ട്രെയിനിനും ഇടയിലൂടെ പാളത്തിലേക്കുവീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്‌റ്റേഷനിലാണ് സംഭവം. മാര്‍ച്ച് 29ന് നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനിന്ന കാന്‍ഡെല എന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്. ബോധം നഷ്ടമായ യുവതി കാലിടറി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് ഇടയിലേക്ക് വീഴുകയായിരുന്നു. അപകടംകണ്ടുനിന്ന മറ്റുയാത്രക്കാര്‍ ആദ്യമൊന്നു പകച്ചെങ്കിലും ട്രെയിന്‍ നിര്‍ത്തിയതിന് പിന്നാലെ യുവതിയെ ട്രാക്കില്‍നിന്ന് പുറത്തെടുത്തു.
വീല്‍ച്ചെയറില്‍ ഇരുത്തി യുവതിയെ ആംബുലന്‍സിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും സ്‌റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അപകടത്തില്‍ യുവതിക്ക് വലിയ പരിക്കേറ്റിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്യൂണസ് ഐറിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ആശുപത്രി വിടുകയും ചെയ്തു.
‘ഞാന്‍ ഇപ്പോഴും എങ്ങനെയാണ് ജീവനോടെ ഇരിക്കുന്നതെന്ന് എനിക്കറിയില്ല. രക്തസമ്മര്‍ദ്ദം കുറഞ്ഞ് പെട്ടെന്ന് തളര്‍ന്നുവീഴുകയായിരുന്നു. ഇതു തന്റെ പുനര്‍ജന്മമാണ്’ ആശുപത്രി വിട്ടതിന് പിന്നാലെ കാന്‍ഡെല ഒരു അര്‍ജിന്റീനിയന്‍ ടെലിവിഷന്‍ ചാനലിനോട് പ്രതികരിച്ചു.