സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ സ്ത്രീധന പീഡന പരാതിയുമായി യുവതിയും മകളും രംഗത്ത്. വിവാഹമോചനം നേടാതെ ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഷഹാനയും മകളും ഭർത്താവിന്റെ വീടിന് മുന്നിൽ ബഹളം വച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ നിയമപരമായി പരാതി നൽകാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.
ബത്തേരി നായ്ക്കട്ടി സ്വദേശി അബൂബക്കർ സിദ്ദിഖിനെതിരെയാണ് ഷഹാന ബാനുവിന്റെ ആരോപണം. വിവാഹ മോചന നടപടികൾ പൂർത്തിയായിട്ടില്ലെന്നും മകൾക്കും തനിക്കും ചെലവിന് തരുന്നില്ലെന്നും ഷഹാന പറഞ്ഞു. ഇതിനിടയിൽ മറ്റൊരു വിവാഹം കഴിച്ചെന്ന് അറിഞ്ഞാണ് ഷഹാന സിദ്ദിഖിന്റെ വീട്ടിലെത്തി ബഹളം വച്ചത്.
ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് സ്ത്രീധന പീഡനം നേരിട്ടെന്നും ഷഹാന ആരോപിച്ചു. 37 പവനും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി നൽകിയെന്നും എന്നിട്ടും തന്നെ ഭർത്താവിന്റെ കുടുബം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും ഷഹാന മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവ് മർദിച്ചു എന്നാരോപിച്ച് ഷഹാന ബാനുവും മകളും ചികിത്സ തേടി. എന്നാൽ ഷഹാനയുടെ ആരോപണത്തിന് മറുപടിയുമായി ഭർതൃവീട്ടുകാർ രംഗത്തെത്തി
കുടുംബത്തിന് ചേരാത്ത രീതിയിലുള്ള ഷഹാനയുടെ ജീവിതമാണ് പ്രശ്നത്തിന് കാരണമെന്നാണ് ഭർതൃവീട്ടുകാരുടെ വാദം. ഷഹാന എപ്പോഴും പ്രശ്നം ഉണ്ടാക്കുമെന്നും കുടുംബത്തിന് ചേരാത്ത രീതിയിലാണ് ജീവിതമെന്നും ബന്ധുക്കൾ ആരോപിച്ചു. ഭർത്താവിനെയും കുടുംബത്തെയും അനുസരിക്കാതെ പുതിയ ഫാഷനിൽ നടക്കുകയും ജിമ്മിൽ പോകുകയും എല്ലാം ചെയ്യും ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കുടുംബത്തിന്റെ വാദം.