ബംഗളൂരു: ഭാര്യയുടെ വിവാഹേതരബന്ധം മാത്രം ഭർത്താവിന്റെ ആത്മഹത്യയ്ക്കുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 306 പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ വിചാരണക്കോടതി ഉത്തരവിനെതിരെ ഭാര്യയും വിവാഹേതരബന്ധത്തിലെ അവരുടെ പങ്കാളിയും നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് വിധി.
കേസിൽ ഭാര്യക്ക് മൂന്ന് വർഷം കഠിനതടവിനും അവരുമായി വിവാഹേതരബന്ധം പുലർത്തിയ പങ്കാളിക്ക് നാല് വർഷം കഠിനതടവും ഏർപ്പെടുത്തിയ മാണ്ഡ്യ സെഷൻസ് കോടതിയുടെ 2013 ജനുവരി ഒന്നിലെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ഭാര്യയുടെ വിവാഹേതരബന്ധം ഭർത്താവ് അറിയുകയും ഇത് ഇരുവരും തമ്മിലുള്ള വഴക്കിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് ഭാര്യയുടെ പങ്കാളി ഭർത്താവിനോട് പോയി മരിക്കാൻ പറയുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിന് ശേഷം അഞ്ചാമത്തെ ദിവസം ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മുൻപുള്ള ഒരു കേസിലെ സുപ്രീംകോടതി നിരീക്ഷണം കൂടി പരാമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് ശിവശങ്കർ അമരന്നവർ അദ്ധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. കുറ്റം ആരോപിക്കപ്പെട്ട ഇരുവരും മരിച്ചയാൾ ജീവനൊടുക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.കുറ്റം ചുമത്തപ്പെട്ട വ്യക്തികളുടെ അവിഹിതബന്ധം ജീവനൊടുക്കാനുള്ള പ്രേരണയായി കണക്കാക്കാനാകില്ല.
കുറ്റാരോപിതരായ വ്യക്തികൾ നിർദ്ദിഷ്ട പ്രവർത്തികളിലൂടെ മരിച്ചയാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതായി സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ടായിരിക്കണം, ജീവനൊടുക്കാനുള്ള പ്രേരണ അല്ലെങ്കിൽ പ്രേരിപ്പിച്ച ഘടകങ്ങൾ തൃപ്തികരമല്ലെങ്കിൽ പ്രതികളെ ശിക്ഷിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.