InternationalNews

ടൈറ്റൻ പൈലറ്റിന്റെ ഭാര്യയ്ക്ക് ടൈറ്റാനിക്കുമായി ബന്ധമുണ്ട്,ആശ്ചര്യത്തില്‍ ലോകം

സെന്റ്‌ജോണ്‍സ്‌:നൂറ്റാണ്ടുമുൻപ് മുങ്ങിപ്പോയ ആഡംബര കപ്പൽ ടൈറ്റാനിക്ക് കാണാനായി സമുദ്രത്തിന്‍റെ ആഴങ്ങളിലേക്ക് യാത്രതിരിച്ച ജലപേടകം ടൈറ്റൻ ഇപ്പോഴും കാണാമറയത്തുതന്നെ തുടരുകയാണ്. ഇതിനിടയിലാണ് ടൈറ്റന്‍റെ പൈലറ്റും യാത്ര സംഘടിപ്പിക്കുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സിഇഒയുമായ സ്റ്റോക്ടണ്‍ റഷുമായി ടൈറ്റാനിക്കിലെ രണ്ടു യാത്രക്കാർക്കുള്ള ബന്ധം സംബന്ധിച്ച വാർത്ത പുറത്തെത്തുന്നത്.

യഥാർഥത്തിൽ സ്റ്റോക്ടണ്‍ റഷിന്റെ ഭാര്യ വെന്‍ഡി റഷിനാണ് ടൈറ്റാനിക് കപ്പലിലുണ്ടായിരുന്ന രണ്ട് യാത്രക്കാരുമായി ബന്ധമുള്ളത്.1912-ല്‍ കന്നിയാത്രയില്‍ മഞ്ഞുമലയുമായി കൂട്ടിയിടിച്ച് മഹാസമുദ്രത്തില്‍ മുങ്ങിത്താണ ടൈറ്റാനിക്കില്‍ വെന്‍ഡി റഷിന്റെ പൂര്‍വികരുമുണ്ടായിരുന്നു. ടൈറ്റാനിക് ദുരന്തത്തില്‍ മരിച്ച ദമ്പതിമാരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയുടെ മകളാണ് വെൻഡി റഷ്.

ടൈറ്റാനിക്കില്‍ ഫസ്റ്റ് ക്ലാസ് സഞ്ചാരികളായി യാത്രചെയ്ത സമ്പന്നവ്യാപാരി ഇസിഡോര്‍ സ്‌ട്രോസിന്റേയും ഭാര്യ ഐഡയുടേയും പേരക്കുട്ടിയുടെ പേരക്കുട്ടിയുടെ മകളാണ് വെന്‍ഡി റഷ്. 1845- ലാണ് സ്‌ട്രോസ് ജനിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയൊരു വ്യാപാരസ്ഥാപനത്തിന്റെ സഹഉടമ കൂടിയായിരുന്നു സ്‌ട്രോസ്. ജയിംസ് കാമറൂണിന്‍റെ ലോകപ്രശസ്ത ചിത്രം ടൈറ്റാനിക്കില്‍ പ്രായമായ ഈ ദമ്പതിമാരെ ചിത്രീകരിച്ചിട്ടുണ്ട്. കപ്പല്‍ മുങ്ങുന്ന സമയത്ത് ഇരുവരും കിടക്കയില്‍ മരണത്തെ കാത്ത് ആലിംഗനം ചെയ്തുകിടക്കുന്ന രംഗവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

1986-ലാണ് വെന്‍ഡിയും സ്റ്റോക്ടണുമായുള്ള വിവാഹം നടന്നത്. ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ അനുസരിച്ച് വെന്‍ഡി റഷ് ടൈറ്റാനിക് സന്ദര്‍ശനത്തിനവസരമൊരുക്കുന്ന ഓഷ്യന്‍ ഗേറ്റിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറാണ്. കൂടാതെ ടൈറ്റാനിക്കിലേക്കുള്ള മൂന്ന് പര്യവേക്ഷണയാത്രകളിലും വെന്‍ഡി പങ്കെടുത്തിരുന്നു. സ്റ്റോക്ടണ്‍ റഷിനെ കൂടാതെ ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താന്‍ വ്യവസായഭീമന്‍ ഷഹ്‌സാദാ ദാവൂദും മകന്‍ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റന്‍ പേടകത്തിനുള്ളത്.

പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് വ്യാഴാഴ്ച രാത്രിയോടെ ടൈറ്റനില്‍ ജീവൻ പിടിച്ചുനിർത്താനുള്ള ഓക്സിജന്‍റെ തോത് ഏറെക്കുറെ തീർന്നിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. അടിയന്തരസാഹചര്യങ്ങളില്‍ 96 മണിക്കൂര്‍ വരെ ആവശ്യമായ ഓക്‌സിജന്‍ ടൈറ്റനിലുണ്ടായിരുന്നെങ്കിലും കാണാതായിട്ട് അഞ്ച് ദിവസം പിന്നിട്ടതോടെ ആശങ്ക ഏറുകയാണ്. എങ്കിലും കാനഡ, യു.എസ്., ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ മേഖലയില്‍ വ്യാപമായ തിരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ച രാവിലെയാണ് പോളാര്‍ പ്രിന്‍സ് എന്ന കനേഡിയന്‍ കപ്പലില്‍നിന്ന് ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ ടൈറ്റന്‍ ജലപേടകം യാത്രക്കാരുമായി ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്ര ആരംഭിച്ചത്. സമുദ്രാന്തര്‍ഭാഗത്തേക്ക് ഊളിയിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ടൈറ്റനുമായുള്ള ബന്ധം പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button