KeralaNews

കടുവ അത് തന്നെ;പനവല്ലിയില്‍ കൂട്ടിലായത് മുമ്പ് പിടികൂടി ഉള്‍ക്കാട്ടില്‍ വിട്ട കടുവ

മാനന്തവാടി: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പനവല്ലിയില്‍ ചൊവ്വാഴ്ച രാത്രി കൂട്ടിലായത് മൂന്ന് മാസം മുമ്പ് പിടികൂടി ഉള്‍വനത്തില്‍ വിട്ടയച്ച അതേ പെണ്‍കടുവ. പനവല്ലിയിലും സമീപപ്രദേശങ്ങളിലും കടുവാശല്യം രൂക്ഷമാവുകയും മൂന്ന് കന്നുകാലികളെ കൊല്ലുകയും ചെയ്തതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും പനവല്ലി ആദണ്ഡക്കുന്നില്‍ കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഈ കൂട്ടില്‍ ജൂണ്‍ 24ന് കടുവ കുടുങ്ങുകയായിരുന്നു. പരിശോധനയില്‍ കടുവക്ക് കാര്യമായി പരിക്കുകളൊന്നുമില്ലെന്നും, വനത്തില്‍ നിന്നും ഇര തേടാന്‍ പ്രാപ്തയാണെന്നും മനസിലായതിനെ തുടര്‍ന്ന് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിനുള്ളില്‍ തന്നെ കടുവയെ വിട്ടയക്കുകയുമായിരുന്നു.

2023 മെയ് 31നായിരുന്നു അന്ന് പനവല്ലിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ കടുവ തന്നെയാണ് മൂന്ന്മാസത്തിന് ശേഷം വീണ്ടും പനവല്ലിയിലെത്തി ഭീതി പരത്തിയത്. ഈ കടുവയ്ക്ക് 2021-22 സെന്‍സസിലാണ് നോര്‍ത്ത് വയനാട് (എന്‍ഡബ്ല്യു5) എന്ന് നാമകരണവും നല്‍കിയത്.

11 വയസ് പ്രായമുള്ള അതേ കടുവ തന്നെയാണ് പനവല്ലിയിലും സമീപപ്രദേശങ്ങളിലുമെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും, നാട്ടുകാരെ ഭയപ്പെടുത്തുകയും ആദിവാസി വയോധികരുടെ വീട്ടിലെത്തുകയും ചെയ്തത്.

ജൂണ്‍ 24ന് കടുവ കൂട്ടില്‍ കുടുങ്ങിയ സ്ഥലത്തുനിന്നും 200 മീറ്റര്‍ മാത്രം അകലെ സ്ഥാപിച്ച കൂട്ടിലാണ് ചൊവ്വാഴ്ച രാത്രി കടുവ കുടുങ്ങിയത്. ഇത്തവണ ജനവാസമേഖലയിലെത്തിയ കടുവ ഒന്നരമാസക്കാലത്തോളം കനത്തഭീതി വിതച്ചാണ് കൂട്ടിലാകുന്നത്.

ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ പനവല്ലി ക്രിസ്ത്യന്‍പള്ളിക്ക് സമീപം രവിയുടെ സ്ഥലത്തുവെച്ച കൂട്ടിലാണ് കടുവ വീണത്. മുത്തങ്ങയില്‍ നിന്നുള്ള വെറ്റിനറി ഓഫീസര്‍ ഡോ. അജീഷിന്റെ നേതൃത്വത്തില്‍ 20 അംഗ മയക്കുവെടി സംഘവും, 42 അംഗ വനപാലകരും രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് കടുവക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു.

പനവല്ലി എമ്മടി, സര്‍വ്വാണി, റസല്‍കുന്ന്, പുഴക്കര പ്രദേശങ്ങളിലും വയനാട് വന്യജീവി സങ്കേതത്തില്‍പ്പെട്ട വനാര്‍തിര്‍ത്തി പ്രദേശങ്ങളിലും വ്യാപക തിരച്ചിലാണ് നടത്തിവന്നത്. ഇതിന് പിന്നാലെയാണ് കടുവ കൂട്ടിലായത്. പുഴക്കരയിലെ ആദിവാസി വയോധികനായ കയമയുടെ വീട്ടിലേക്ക് കടുവ ഓടിക്കയറിയതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതോടെയാണ് മയക്കുവെടി വെക്കാന്‍ തീരുമാനിച്ചത്. പിടികൂടിയ കടുവയെ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. പച്ചാടിയിലെ സംരക്ഷണകേന്ദ്രത്തില്‍ നാലില്‍ കൂടുതല്‍ കടുവകളെ പാര്‍പ്പിക്കാന്‍ സൗകര്യമില്ലാത്തതാണ് പ്രതിസന്ധിയാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button