തൃശൂര്‍: ഭക്ഷണം ചോദിച്ച് വീട്ടില്‍ കയറി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയിലായി. എറണാകുളം വൈപ്പിന്‍കര ജാന്‍വാസിനെയാണ് ( 57) ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴാം തിയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
തൃശൂര്‍ നെല്ലിക്കുന്ന് പൈനാടന്‍ വീട്ടില്‍ വെറോനിക്കയുടെ (75) മാലയാണ് പ്രതി കവര്‍ന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി എത്തിയത്. തുടര്‍ന്ന് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. മനസലിവ് തോന്നിയ വയോധിക പ്രതിക്ക് ഭക്ഷണം നല്‍കി.
ഭക്ഷണം കഴിച്ചു കഴിഞ്ഞതോടെ വെറോനിക്കയുടെ മുഖത്തടിച്ച പ്രതി മൂന്നര പവന്‍ തൂക്കമുള്ള മാല കവര്‍ന്ന് കടന്നുകളയുകയായിരുന്നു. നിരവധി സി സി ടി വികള്‍ കേന്ദ്രീകരിച്ച് പത്ത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ പെരുമ്പാവൂരില്‍നിന്നാണ് പ്രതി പിടിയിലായത്.
ഒല്ലൂര്‍ എസ് എച്ച് ഒ ബെന്നി ജേക്കബ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉല്ലാസ്, സിവില്‍ പൊലിസ് ഓഫീസര്‍ അഭീഷ് ആന്റണി, ജില്ലാ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് അംഘം സുനീപ്, ഷാഡോ പൊലീസ് എസ് ഐമാരായ റാഫി, സുവ്രത കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പഴനിസാമി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലിഗേഷ്, വിപിന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.