24.7 C
Kottayam
Sunday, May 19, 2024

സർക്കാരിന് തിരിച്ചടി: സിസ തോമസിനെതിരായ സർക്കാർ ഹർജി സുപ്രീം കോടതി തള്ളി

Must read

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരെ സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി. ഗവർണറിനും സംസ്ഥാനത്തിനും ഇടയിലെ പോരിൽ സർക്കാർ ജീവനക്കാരെ ബലിയാടാക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു.. സിസ തോമസിനെതിരായ ഹർജി പ്രാഥമിക വാദം പോലും കേൾക്കാതെയാണ് ബെഞ്ച് തള്ളിയത്. സർക്കാരിന്റെ അനുമതി ഇല്ലാതെ കെടിയു വൈസ് ചാൻസലർ പദവി ഏറ്റെടുത്തതിന് സിസ തോമസിന് സംസ്ഥാന സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തനിക്കെതിരായ നടപടി പകപ്പോക്കലാണെന്ന് കാട്ടി സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി സർക്കാർ നടപടി റദ്ദാക്കി. ഇതിനെതിരായ അപ്പീലാണ് സുപ്രീംകോടതിയിൽ എത്തിയത്. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ  48 ആം വകുപ്പ് പ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകാനും നടപടി എടുക്കാനും സർക്കാരിന് അധികാരം ഉണ്ടെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ വാദിച്ചു, എന്നാൽ ഇതിനോട് കോടതി വിയോജിച്ചു. ഗവർണ്ണറാണ് നിയമനം നടത്തിയത് എന്ന സിസ തോമസിൻറെ വാദം കോടതി കണക്കിലെടുത്തു.

ഗവർണർ സർക്കാർ തർക്കത്തിൽ ജീവനക്കാരെ ബലിയാടാക്കരുതെന്നും കോടതി നിർദ്ദേശിച്ചു. വിശദമായി വാദം കേൾക്കണം എന്ന സംസ്ഥാനത്തിൻറെ ആവശ്യവും ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവർ നിരസിച്ചു. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപത്, സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി.സിസ തോമസിനു വേണ്ടി സീനിയർ അഭിഭാഷകൻ രാഘവേന്ദ്ര സിസോഡാ, അഭിഭാഷകരായ ഉഷ നന്ദിനി, കോശി ജേക്കബ് എന്നിവർ ഹാജരായി.സിസ തോമസിന് അനുകൂലമായി നേരത്തെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും, കേരള ഹൈക്കോടതിയും വിധി നല്കിയിരുന്നു. അ്പ്പീലുമായി സുപ്രീംകോടതി വരെ എത്തിയ സംസ്ഥാനസർക്കാരിന് ഇന്നത്തെ തീരുമാനം തിരിച്ചടിയായി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week