ഗോവ: സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എന്നാൽ അതിനർത്ഥം പാർലമെന്റിലെ പ്രതിപക്ഷം പറയുന്നത് പോലെയാണ് ഞങ്ങൾ ചെയ്യേണ്ടത് എന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി അഡ്വക്കേറ്റ്‌സ്-ഓൺ-റെക്കോർഡ് അസോസിയേഷൻ (എസ്‌സിഎഒആർഎ) സൗത്ത് ഗോവയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നിയമ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
കഴിഞ്ഞ 75 വർഷം കൊണ്ട് നമ്മൾ വികസിപ്പിച്ചെടുത്ത നീതിന്യായ സംവിധാനം കൈമോശം വരരുതെന്നും അദ്ദേഹം പറഞ്ഞു. ഈ വരുന്ന നവംബർ 10 നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്.
സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് തുറന്നു പറഞ്ഞ അദ്ദേഹം, പക്ഷെ അതിനർത്ഥം പ്രതിപക്ഷ പാർട്ടികൾ സംസാരിക്കുന്ന ഭാഷയിൽ സുപ്രീം കോടതി സംസാരിക്കണം എന്നല്ലെന്നും വ്യക്തമാക്കി.തങ്ങൾക്ക് അനുകൂലമായ തീരുമാനം വരുമ്പോൾ സുപ്രീം കോടതി ഒരു നല്ല സ്ഥാപനം ആവുകയും, പ്രതികൂലമാകുമ്പോൾ അങ്ങനെ അല്ലാതാവുകയും ചെയ്യുന്ന അപകടകരമായ ഒരു സാഹചര്യം നമ്മുടെ നാട്ടിൽ ഇപ്പോൾ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചു.
കോടതിക്ക് ഓരോ കേസും പ്രേത്യേകം പ്രേത്യേകം മാത്രമേ നോക്കി കാണാൻ കഴിയുകയുള്ളൂ എന്നും, ഒരു പ്രേത്യേക ആദർശം കോടതി പാലിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയെയോ ന്യായാധിപന്മാരെയോ, വരുത്തുന്ന തെറ്റുകളെയോ വിമർശിക്കുന്നത് സ്വാഗതാർഹമാണ്. പക്ഷെ ഒരു കേസിലെ വിധി നിങ്ങൾക്ക് എതിരാകുമ്പോൾ കോടതി മോശമാണെന്ന് പറയുന്നത് ശരിയല്ല. ചീഫ് ജസ്റ്റിസ് വ്യക്തമാക്കി