KeralaNationalNewsNews

സാധുവായ രജിസ്ട്രേഷനില്ലാത്ത വാഹനത്തിന് ഇൻഷുറൻസ് ക്ലെയിം നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി

ഡൽഹി:സാധുവായ രജിസ്ട്രേഷനില്ലാത്ത വാഹനത്തിന് ഇൻഷുറൻസ് ക്ലെയിം നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചു. താത്കാലിക രജിസ്ട്രേഷൻ കാലാവധി അവസാനിച്ചിട്ടും സ്ഥിരം രജിസ്ട്രേഷന് അപേക്ഷിക്കാതിരിക്കുകയും അതിനിടെ വാഹനം മോഷണം പോവുകയും ചെയ്ത സംഭവത്തിലാണ് വിധി.

രാജസ്ഥാൻ സ്വദേശിയായ സുശീൽ കുമാർ പഞ്ചാബിൽനിന്ന് പുതിയ ‘ബൊലേറോ’ വാഹനം വാങ്ങിയപ്പോൾ 2011 ജൂൺ 20 മുതൽ ഒരു മാസത്തേക്കുള്ള താത്കാലിക രജിസ്ട്രേഷനാണ് ലഭിച്ചത്. അടുത്ത മാസം 19-ന് താത്കാലിക രജിസ്ട്രേഷന്റെ കാലാവധി അവസാനിക്കുകയും 28-ന് രാത്രി വാഹനം മോഷണം പോവുകയും ചെയ്തു. ബിസിനസ് ആവശ്യത്തിനായി രാജസ്ഥാനിലെ ജോധ്പുരിലേക്ക് പോയപ്പോൾ അവിടെവെച്ചാണ് വാഹനം മോഷ്ടിക്കപ്പെട്ടത്.

വാഹനത്തിന്റെ ഇൻഷുറൻസ് തുകയായ 6,17,800 രൂപയും ഒമ്പതു ശതമാനം പലിശയും നൽകണമെന്നാണ് സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ വിധിച്ചത്. ദേശീയ ഉപഭോക്തൃ കമ്മിഷൻ അത് ശരിവെച്ചതിനെതിരേ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നിർത്തിയിട്ട വാഹനമാണ് മോഷണം പോയതെന്നതിനാൽ സാധുവായ രജിസ്ട്രേഷനില്ലെങ്കിലും ഇൻഷുറൻസ് തുക നൽകണമെന്ന വാദം സുപ്രീം കോടതി തള്ളി. രജിസ്ട്രേഷനില്ലാത്ത വാഹനം റോഡിലിറക്കിയെന്നു മാത്രമല്ല, അത് മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോയെന്നും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

താത്കാലിക രജിസ്ട്രേഷൻ അവസാനിച്ചിട്ടും സ്ഥിരം രജിസ്ട്രേഷന് ഉടമ അപേക്ഷിച്ചിട്ടില്ലെന്നും ബെഞ്ച് പറഞ്ഞു. മോഷണം നടന്ന ദിവസം രജിസ്ട്രേഷനില്ലാത്ത വാഹനം ഉപയോഗിച്ചത് ഇൻഷുറൻസ് കമ്പനിയുമായുള്ള കരാറിന്റെ ലംഘനമാണ്. അതിനാൽ ദേശീയ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ് നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button