ആലപ്പുഴ: മാന്നാറിൽ 15 വര്‍ഷം മുൻപ് കാണാതായ കലയെന്ന 20 കാരിയുടെ മൃതദേഹത്തിനായി പരിശോധന തുടങ്ങി അന്വേഷണ സംഘം. കലയുടെ ഭർത്താവ് അനിലിന്റെ വീടിന്റെ കോംപൗണ്ടിലുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തുന്നത്. മുമ്പ് സെപ്റ്റിക് ടാങ്കുണ്ടായിരുന്ന സ്ഥാനത്താണ് കുഴിച്ച് പരിശോധന നടത്തുന്നത്. ഇവിടെ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ഇത് പൊലീസിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. 15 വർഷം മുമ്പ് യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കലയുടെ ഭർത്താവ് ഇസ്രയേലിൽ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കാമനുള്ള ശ്രമങ്ങളും നടത്തി വരികയാണ് പൊലീസ്.
തെളിവുകൾ ശേഖരിക്കുക, മൃതദേഹാവശിഷ്ടം ഉണ്ടോയെന്ന് ഉറപ്പുവരുത്തുക എന്നതാണ് പൊലീസ് ലക്ഷ്യം. 15വർഷം മുമ്പാണ് കലയെകാണാതാവുന്നത്. അനിലിന്റേയും കലയുടേയും പ്രണയ വിവാഹമായിരുന്നു. കാണാതാവുമ്പോൾ കലയ്ക്ക് കുഞ്ഞുണ്ടായിരുന്നു. സ്വന്തം വീട്ടുകാരുമായി കലയ്ക്ക് വലിയ അടുിപ്പമില്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം കലയെ കാണാതായിരുന്നു.
പൊലീസിന് പരാതി ലഭിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. അനിൽ വേറെ വിവാഹം കഴിക്കുകയും കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു. അനിൽ ഇസ്രായേലിലാണ് ഉള്ളത്. കേസിൽ അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് കസ്റ്റഡിയിലുള്ളത്.
2 മാസം മുൻപ് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. സംഭവത്തിൽ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം. പിടിയിലായവരെല്ലാം കൊല്ലപ്പെട്ടതായി കരുതുന്ന കലയുടെ ഭര്‍ത്താവിൻ്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്.
കേസിൽ പ്രതിയായ അഞ്ചാമനെ കസ്റ്റഡിയിലെടുക്കാനായി അന്വേഷണം തുടര്‍ന്ന പൊലീസ് ഈ വിവരം പുറത്ത് അറിയിച്ചിരുന്നില്ല. എന്നാൽ അഞ്ചാമനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. മാന്നാറിൽ പെൺകുട്ടി താമസിച്ചിരുന്ന സ്ഥലത്ത് തന്നെ യുവതിയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.