ചെന്നൈ: പുതിയ പാർലമെന്‍റിൽ പ്രതിഷ്ഠിച്ച ആദ്യ ദിനം തന്നെ ചെങ്കോൽ വളഞ്ഞുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ഡൽഹിയിൽ പ്രതിഷേധിച്ച ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തെയാണ് സ്റ്റാലിന്‍റെ വിമർശിച്ചത്. ചെങ്കോൽ ഭരണത്തിന്‍റെ പ്രതീകമാണെന്നും നീതിയെ ഉയർത്തിപ്പിടിക്കുന്നതാണെന്നും കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സ്റ്റാലിൻ രംഗത്ത് വന്നത്
‘‘ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ വനിതാ താരങ്ങൾ പരാതി നൽകിയിട്ട് മാസങ്ങളായി. ഇതുവരെ നടപടിയെടുക്കുന്നതിന് ബിജെപി നേതൃത്വം തയാറായിട്ടില്ല. പ്രതിഷേധച്ചവരെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തത് അപലപനീയമാണ്. ചെങ്കോൽ സ്ഥാപിച്ച ദിനം തന്നെ വളഞ്ഞതാണ് ഇത് കാണിക്കുന്നത്. രാഷ്ട്രപതിയെ ഒഴിവാക്കുകയും പ്രതിപക്ഷം ബഹിഷ്കരിക്കുകയും ചെയ്ത പുതിയ പാർലമെന്റിന്റെ ഉദ്ഘാടനദിനം തന്നെ ഇതു കൂടി സംഭവിക്കുന്നത് ശരിയാണോ?.’’ – സ്റ്റാലിൻ ചോദിച്ചു.
பாஜக நாடாளுமன்ற உறுப்பினர் ஒருவர் மீது மல்யுத்த வீராங்கனைகள் பாலியல் புகார் சொல்லிப் பல மாதங்கள் ஆகிவிட்டன. அவர் மீது இதுவரை அக்கட்சியின் தலைமை எந்த நடவடிக்கையும் எடுக்கவில்லை. மல்யுத்த வீராங்கனைகள் தொடர்ந்து தலைநகரில் போராடி வருகிறார்கள். இந்திய நாடாளுமன்றத்தின் புதிய கட்டடத்… https://t.co/9azP1YuSKB
— M.K.Stalin (@mkstalin) May 28, 2023
അതേസമയം, പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപത്തേക്കുള്ള മാർച്ച്. ബാരിക്കേഡിന് മുകളിലൂടെ താരങ്ങൾ പുറത്തേക്ക് കടന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബലംപ്രയോഗിച്ചു. സാക്ഷി മാലിക്കിനെ കസ്റ്റഡിയിലെടുത്തു.
റോഡിലൂടെ വലിച്ചിഴച്ചാണ് സാക്ഷി മാലിക്കിനെ കൊണ്ടുപോയത്. ബസിൽനിന്ന് ഇറങ്ങിയ സാക്ഷിയെ വീണ്ടും ബലം പ്രയോഗിച്ച് അകത്തേക്കു കയറ്റി. പൊലീസ് സമരപന്തൽ പൊളിച്ചുനീക്കി. സമരപ്രദേശം പൊലീസ് പൂർണമായി ഒഴിപ്പിക്കുകയും ചെയ്തു.
വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ളവരെയും കസ്റ്റഡിയിലെടുത്തു. പൊലീസ് മർദിച്ചതായി സാക്ഷി മാലിക്ക് ആരോപിച്ചു. സംഘർഷത്തിലേക്ക് നയിച്ചത് പൊലീസാണെന്നും സാക്ഷി കുറ്റപ്പെടുത്തി. തുടർന്ന് ഗുസ്തി താരങ്ങൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാജ്യത്തിനായി മെഡൽ നേടിയവരെ ഭീകരരെപ്പോലെ കൈകാര്യം ചെയ്യുന്നുവെന്ന് സംഗീത ഫോഗട്ട് ആരോപിച്ചു. അറസ്റ്റ് ചെയ്ത താരങ്ങളെ ഡൽഹിയുടെ അതിർത്തിയിലേക്കുള്ള സ്റ്റേഷനിലേക്ക് മാറ്റി.