ന്യൂഡൽഹി: വർഗീയ കലാപം രൂക്ഷമായ ഹരിയാനയിലെ നൂഹിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്നത് തുടരുന്നു. ഇടിച്ചുനിരത്തൽ തുടങ്ങി നാലാം ദിനമായ ഇന്നു നൂഹിലെ പ്രമുഖ ഹോട്ടലായ സഹാറ നിലംപതിച്ചു. നഗരവികസന വകുപ്പും വനംവകുപ്പും ചേർന്നാണ് അനധികൃത കയ്യേറ്റമാണെന്ന് ആരോപിച്ച് കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നത്.
സഹാറ ഹോട്ടലിൽനിന്ന് മത റാലിയിലേക്ക് ഒരുസംഘം ആളുകൾ കല്ലെറിഞ്ഞതാണ് നൂഹിൽ ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് പൊലീസ് പറയുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ റാലിക്കു നേരേ കല്ലേറുണ്ടായതോടെ 2,500ഓളം ആളുകൾ സമീപത്തെ ക്ഷേത്രത്തിലേക്ക് കയറി അഭയം പ്രാപിക്കുകയായിരുന്നു. തുടർന്നാണ് നൂഹിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ശനിയാഴ്ച നൽഹറിൽ ഷഹീദ് ഹസൻ ഖാൻ മേവാത്തി മെഡിക്കൽ കോളജിനു സമീപം 24 മെഡിക്കൽ സ്റ്റോറുകൾ അടക്കം 45 കെട്ടിടങ്ങൾ ഇടിച്ചുനിരത്തി. നൂഹിൽ നിന്നു 20 കിലോമീറ്റർ അകലെ തൗരുവിൽ അഭയാർഥികളുടെ കുടിലുകളും ഇടിച്ചുനിരത്തി. സംഘർഷത്തിൽ ഉൾപ്പെട്ട ചിലരുടെ കെട്ടിടങ്ങളും വീടുകളുമാണ് ഇടിച്ചുനിരത്തിയതിൽ ചിലതെന്ന് അധികൃതർ അറിയിച്ചു. ഇടിച്ചുനിരത്തുന്നതു മുഴുൻ പാവപ്പെട്ടവരുടെ വീടുകളാണെന്ന് എംഎൽഎ അഫ്താബ് അഹമ്മദ് ട്വീറ്റ് ചെയ്തു.
അതിനിടെ ഹരിയാനയിലെ പ്രശ്നബാധിത മേഖലകൾ സിപിഐ സംഘം സന്ദർശിക്കും. ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഉച്ചയ്ക്ക് ഹരിയാനയിലെത്തും.