തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും എതിരെ സംവിധായകന്‍ വിനയന്‍. സാംസ്‌കാരിക മന്ത്രി സംരക്ഷിക്കുന്നത് കൊണ്ടാണ് രഞ്ജിത്ത് കയറൂരി വിട്ടത് പോലെ സംസാരിക്കുന്നത് എന്ന് വിനയന്‍ കുറ്റപ്പെടുത്തി. രഞ്ജിത്ത് സ്വന്തം മാനസികനില ഒന്ന് പരിശോധിക്കണം എന്നും വിനയന്‍ ആവശ്യപ്പെട്ടു. അല്ലാതെ ഇങ്ങനെയുള്ള വര്‍ത്തമാനമൊക്കെ പറയാന്‍ പറ്റുമോ എന്നും വിനയന്‍ ചോദിച്ചു.
അരവിന്ദനേയും അടൂര്‍ ഗോപാലകൃഷ്ണനേയും ഷാജി എന്‍ കരുണിനേയും പോലെ നൂറ് ദിവസം ഓടാത്ത സിനിമകള്‍ എടുക്കുന്നവര്‍ ഇത്തരത്തില്‍ പരിഹസിക്കപ്പെടേണ്ടവരാണോ എന്നും അദ്ദേഹം ചോദിച്ചു. ഡോ. ബിജു ആളുകയറാത്ത സിനിമയുടെ സംവിധായകനാണെന്ന് പറയുന്ന മന്ത്രിയോടാണ് ഇക്കാര്യം ചോദിക്കാനുള്ളത് എന്നും വിനയന്‍ പറഞ്ഞു. രഞ്ജിത്തിനോട് ചോദിച്ചാല്‍ അദ്ദേഹം മറുപടി പറയില്ല എന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കിഷ്ടപ്പെടാത്ത വിദ്വേഷമുള്ള വ്യക്തികളെയെല്ലാം അധിക്ഷേപിക്കാനാണോ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ കസേര രഞ്ജിത് ഉപയോഗിക്കേണ്ടതെന്ന് മന്ത്രി പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന് വ്യക്തമായ തെളിവുകളോടെ പരാതി കൊടുത്തപ്പോള്‍ രഞ്ജിത്ത് അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.
രഞ്ജിത്തിനെ ഇതിഹാസവല്‍ക്കരിച്ച മന്ത്രിയാണ് ഈ പരിതസ്ഥിതിക്ക് ഉത്തരവാദിയെന്നും വിനയന്‍ കുറ്റപ്പെടുത്തി. അതിനിടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണം എന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരിക്കുകയാണ് എന്നാണ് വിവരം. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ചലച്ചിത്രമേള വേദിയില്‍ സമാന്തരയോഗം ചേര്‍ന്നിരുന്നു.
ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സംവിധായകന്‍ മനോജ് കാന, സി പി ഐ. പ്രതിനിധി എന്‍ അരുണ്‍, മമ്മി സെഞ്ച്വറി മുഹമ്മദ് കുഞ്ഞ്, പ്രകാശ് ശ്രീധര്‍ എന്നിവരാണ് രഞ്ജിത്തിനെ നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. അതിനിടെ രഞ്ജിത്തിനോട് നേരിട്ട് കണ്ട് വിശദീകരണം നല്‍കാന്‍ സജി ചെറിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
സംവിധായകന്‍ ഡോ. ബിജുവിനെയും നടന്‍ ഭീമന്‍ രഘുവിനെയും ഒരു അഭിമുഖത്തിനിടെ രഞ്ജിത്ത് വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണം തേടിയത് എന്നാണ് വിവരം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി എത്തുമോയെന്ന് സജി ചെറിയാന് പോലും ധാരണയുണ്ടായിരുന്നില്ലെന്നും താന്‍ ഇടപെട്ടാണ് മുഖ്യമന്ത്രിയെ വരുത്തിയതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.