ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിക്കെതിരായ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ഡല്‍ഹി ഹൈക്കോടതി. സ്മൃതിയുടെ മകള്‍ക്ക് ഗോവയിലെ റെസ്‌റ്റോറന്റ് ബന്ധം ആരോപിച്ചിട്ട പോസ്റ്റുകളാണ് കോണ്‍ഗ്രസ് നേതാക്കളോട് ഡിലീറ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശ്, പവന്‍ ഖേര, നെറ്റ ഡിസൂസ എന്നിവരോടാണ് കോടതിയുടെ നിര്‍ദേശം. കോണ്‍ഗ്രസ് നേതാക്കളോട് കോടതി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
സ്മൃതി ഇറാനി സമര്‍പ്പിച്ച സിവില്‍ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഉത്തരവ്. ഹര്‍ജി ഇനി ഓഗസ്റ്റ് 18-ന് പരിഗണിക്കും. ഈ സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയിലെത്തണം.
കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമ കമ്പനികള്‍ ഇത് കളയണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ സ്മൃതി ഇറാനി നല്‍കിയ കേസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മിനി പുഷ്ഖര്‍ണയുടെ നടപടി. യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെയാണ് ഇറാനിക്കെതിരെ അപകീര്‍ത്തികരവും വ്യാജവുമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി.
ഗോവയിലെ റെസ്‌റ്റോറന്റില്‍ സ്മൃതി ഇറാനിയുടെ മകള്‍ക്ക് അനധികൃത ബാറുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. കോടതിക്ക് മുന്നില്‍ തങ്ങള്‍ വസ്തുതകള്‍ അവതരിപ്പിക്കുമെന്ന് ഉത്തരവിന് പിന്നാലെ ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.