മാവേലിക്കര: തഴക്കരയിൽ വീടിനു സമീപം നിർമിച്ചുകൊണ്ടിരുന്ന പോർച്ചിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലുമല, പുതുച്ചിറ, പ്ലാവിള വടക്കതിൽ ആനന്ദൻ (കൊച്ചുമോൻ-54), ചെട്ടികുളങ്ങര, പേള പേരേക്കാവിൽ സുരേഷ് ഭവനത്തിൽ, സുരേഷ്(57) എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന പോനകം മംഗാലവടക്കതിൽ ശിവശങ്കർ(39), കാട്ടുവള്ളിൽ, കുറ്റിയിൽ വീട്ടിൽ സുരേഷ്(56), കൃഷ്ണപുരം കാപ്പിൽ കളരിക്കൽ വടക്കതിൽ രാജു(65) എന്നിവരാണ് രക്ഷപട്ടത്.
മാവേലിക്കര മുൻസിപ്പാലിറ്റി 8-ാം വാർഡ് തഴക്കര പുത്തൻ പുരയിടത്തിൽ സ്റ്റീഫൻ ഫിലിപ്പോസിന്റെ വീടിനോട് ചേർന്ന് നിർമിച്ചു കൊണ്ടിരുന്ന പോർച്ചിന്റെ കോൺക്രീറ്റ് മേൽക്കുരയുടെ വാർപ്പിനായി ഉപയോഗിച്ച തട്ട് ഇളക്കി മാറ്റുന്നതിനിടെയായിരുന്നു അപകടം. തട്ടിളക്ക് അവസാന ഘട്ടത്തിൽ എത്തിയപ്പോൾ കൂര മാതൃകയിൽ നിർമ്മിച്ചിരുന്ന കോൺക്രീറ്റ് മേൽകൂര പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു.
തകർന്നുവീണ കോൺക്രീറ്റ് മേൽക്കൂരക്കും ഭിത്തി ഉയരത്തിൽ ഉണ്ടായിരുന്ന തട്ടിനും ഇടയിൽ ഞെരുങ്ങിയാണ് ഇരുവരും മരിച്ചത്. ഇവർക്കൊപ്പം മുകളിൽ ഉണ്ടായിരുന്ന ശിവശങ്കർ മുകളിൽ നിന്ന് ചാടിയും ഏണിയിൽ നിന്ന് ഇവരെ സഹായിക്കുകയായിരുന്ന സുരേഷ് ഏണിയിൽ നിന്ന് ചാടിയും താഴെന്നിന്നിരുന്ന രാജു ഓടി മാറിയും രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മാവേലിക്കര പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. മരണപ്പെട്ട രണ്ടു പേരെയും വളരെ പണിപ്പെട്ടാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. ആനന്ദന്റെ ഭാര്യ: ഷീബ, സുരേഷിന്റെ ഭാര്യ: ഗിരിജ, ഏക മകൾ അശ്വതി.